KeralaNEWS

‘കറ്റയേന്തിയ കർഷക സ്ത്രീ’, അനുമതിയില്ലാതെ മോഡലിന്‍റെ ചിത്രം ഫ്ലക്സിൽ; വെട്ടിലായി സിപിഐ

കോഴിക്കോട്: സമ്മേളന ഫ്ലക്സ് ബോർഡിൽ അനുമതിയില്ലാതെ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് പുലിവാല് പിടിച്ച് സിപിഐ കുന്നംങ്കുളം മണ്ഡലം കമ്മിറ്റി. മോഡലും മേക്കപ് ആർട്ടിസ്റ്റുമായ അശ്വതി വിപുൽ സിപിഐ നടപടിക്കെതിരെ പൊലീസിൽ പരാതി നൽകി. കറ്റയേന്തിയ കർഷക സ്ത്രീയെ തേടിയിറങ്ങിയ സിപിഐ നേതാക്കളാണ് ഒടുവിൽ കോഴിക്കോട് സ്വദേശി മോഡലിനെ മോഡലാക്കിയത്. ചിത്രം അശ്വതിയുടെ പക്കലെത്തിയതോടെ നേതാക്കള്‍ വെട്ടിലുമായി.

മണ്‍മറഞ്ഞ നേതാക്കളെയും വിപ്ലവകാരികളെയും പ്രചാരണ മുഖമാക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് പതിവാണ്. എന്നാൽ പ്രചാരണത്തിന്‍റെ തീം കൃഷിയാക്കിയതാണ് കുന്നങ്കുളത്തെ സിപിഐക്കാരെ വെട്ടിലാക്കിയത്. നെൽകർഷകരെ തേടി ഇറങ്ങിയ സംഘാടകര്‍ക്ക് കിട്ടിയത് അശ്വതി മോഡലായ ചിത്രമാണ്. ഒന്നും നോക്കിയില്ല, കറ്റ കയ്യിലെടുത്ത ഈ യുവതി സിപിഐയുടെ മോഡലായി. കോഴിക്കോട് സ്വദേശിയായ അശ്വതിയെ വേലൂർ വഴി പോയ സുഹൃത്താണ് കാര്യം അറിയിച്ചത്. ഇതോടെ കേസായി പുകിലായി.

തൃശൂർ ജില്ലയിലെ കർഷക പാർട്ടിയായ സിപിഐക്ക് ഒരു കർഷകയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടോ എന്നാണ് വിവരമറിഞ്ഞവരൊക്കെ ചോദിക്കുന്നത്. പ്രത്യേകിച്ച് പാർട്ടി താത്പര്യങ്ങളൊന്നുമില്ലാത്ത അശ്വതി വളരെ പെട്ടെന്ന് സുഹൃത്തുക്കൾക്കിടയിൽ സഖാവായി. പലരും ഫോണില്‍ വിളിച്ചതോടെയാണ് അശ്വതിയും സംഭവം ഗൌരവമായി എടുത്തത്. തന്‍റെ പാഷന്‍റെ പുറത്ത് ഒരു വര്‍ഷ മുന്നെ ചെയ്ത ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇതെന്ന് അശ്വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോട്ടോ ഉപയോഗിക്കുന്നതിന് മുന്നെ അനുവാദം ചോദിക്കണമായിരുന്നു. കേസും പ്രശ്നങ്ങളുമായതോടെ ഫ്ലക്സ് മാറ്റാമെന്നാണ് സിപിഐക്കാർ പറയുന്നത്. ഇതങ്ങനെ എളുപ്പം തീരില്ലെന്നാണ് അശ്വതിയുടെ നിലപാട്. എന്തായാലും കര്‍ഷകരെ തേടിയിറങ്ങിയ സിപിഐ നേതാക്കള്‍ ഒരു ഫ്ലക്സിന്‍റെ പേരില്‍ വെട്ടിലായിരിക്കുകയാണ് ഇപ്പോള്‍.

Back to top button
error: