KeralaNEWS

പാലിയേക്കരയിലെ കഴുത്തറപ്പൻ ടോൾ പൂട്ടുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടും സംസ്ഥാനം താൽപര്യം കാണിക്കുന്നില്ല

    ദേശീയ പാതയിൽ അറുപത് കിലോമീറ്ററിനുള്ളിലെ ഒരു ടോൾ പ്ലാസ നിർത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പ്രഖ്യാപിച്ചിട്ടും പാലിയേക്കര ടോൾ നിർത്തലാക്കുന്നതിന് സംസ്ഥാനം നടപടി സ്വീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവോയെന്ന് പൊതുരാമത്ത് വകുപ്പിന് നൽകിയ അപേക്ഷയിൽ ടോൾ പ്ളാസ അടച്ചുപൂട്ടാൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ കകഷി നേതാവും ഡി.സി.സി വൈസ് പ്രസിഡണ്ടുമായ ജോസഫ് ടാജറ്റ് ആണ് വിവരാവകാശ പ്രകാരം മറുപടി തേടിയത്. കേന്ദ്രമന്ത്രിയുടെ പാർലമെണ്ടിലെ പ്രഖ്യാപനമനുസരിച്ച് നിർത്തലാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി, റവന്യൂ മന്ത്രി എന്നിവർക്ക്‌ കത്ത് നല്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടിപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ജോസഫ് ടാജറ്റ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ഏറെ ദുരിതമാണ് ഈ ടോൾ പ്ലാസ മുഖാന്തിരം ജനങ്ങൾ അനുഭവിക്കുന്നതെന്നും തുടങ്ങിയ നാൾമുതൽ ഇന്നുവരെ കരാർലംഘനങ്ങളും ക്രമക്കേടും നടക്കുന്നുവെന്നുള്ള ജനങ്ങളുടെ പരാതികളും നിലനിൽക്കുകയാണെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു. കരാർ തുകയും സ്വാഭാവിക ലാഭവും കൂടിയ സംഖ്യ ടോൾ കമ്പനി പിരിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും നിർത്തലാക്കാനുള്ള അവസരം സർക്കാർ മുതലാക്കിയില്ല എന്നുള്ളത്‌ അനാസ്ഥയാണ്. ഈ കാര്യത്തിൽ റവന്യൂ മന്ത്രി കെ രാജനും സ്ഥലം എം.എൽ.എ കെ.കെ രാമചന്ദ്രനും മുൻകയ്യെടുക്കണമെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. ടി.എൻ പ്രതാപൻ എം.പി ഈ കാര്യം കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടപ്പോൾ നിർത്തലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ സാഹചര്യം അനുകൂലമാക്കാൻ സംസ്ഥാന സർക്കാരിന് ഇതിലും നല്ല സമയം ഇനി ലഭിക്കില്ല. ഇപ്പോൾ മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ ആരംഭിച്ച ടോൾ പ്ലാസ പാലിയേക്കരയിൽ നിന്നും നാല്പത് കിലോമീറ്ററിൽ താഴെയാണ്. ഇതുവരെ സർക്കാർ സ്വീകരിച്ച അലംഭാവം ഇനിയും കാണിക്കരുതെന്ന് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കള്‍ 236 കോടി രൂപ കരാര്‍ കമ്പനി  ഇതിനകം  പിരിച്ചെടുത്തതായി കണക്കുകള്‍. ടോള്‍ പിരിവിന്റെ കാലാവധി തീരാൻ ഇനിയും ഏഴ് വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിന്റെ 10 മടങ്ങ് തുക കമ്പനിക്ക് നേടാനാകും. ദിനം പ്രതി പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നത് 45,000 വാഹനങ്ങളാണ്. അതായത്  ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപ.

2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം 958.68 കോടി രൂപ പിരിച്ചെടുത്തു. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ടോള്‍ പിരിക്കാനാകും.

എന്നാൽ, മണ്ണുത്തി – ഇടപ്പള്ളി  നാലുവരി പാതയുടെ നിര്‍മ്മാണത്തിന് കമ്പനിക്ക് ആകെ ചെലവായത് 721.17 കോടി രൂപയാണ്. അതായത് ഇതിനകം തന്നെ 236 കോടി  രൂപ അധികം ലഭിച്ചതായി കണക്കുകൾ പറയുന്നു. ടോള്‍ കമ്പനിക്ക് മുടക്കുമുതലിനേക്കാള്‍ തുക തിരിച്ചുകിട്ടിയ സാഹചര്യത്തിൽ കരാർ കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും  ആവശ്യം.

Back to top button
error: