സുഡാനിൽ കൊലപാതക കുറ്റത്തിന് ആടിന് തടവ് ശിക്ഷ വിധിച്ചു. സ്ത്രീയെ കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുഡാൻ കോടതി ആടിന് മൂന്ന് വർഷം തടവ് വിധിച്ചത്. ദക്ഷിണ സുഡാന്‍ സ്വദേശിനി ആദ്യു ചാപ്പിങ് എന്ന 45–കാരിയെയാണ് ആട് കുത്തി കൊലപ്പെടുത്തിയത്. ചാപ്പിങ്ങിന്റെ തലയിലാണ് ആട് കുത്തിയത്. വാരിയെല്ലുകൾ തകർക്കുകയും ചെയ്തു. പരുക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. റംബെകിലെ അകുവൽ യോൾ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
ആടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും പൊലിസ് വ്യക്തമാക്കി. അതുകൊണ്ട് ആടാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും അതിനെ അറസ്റ്റ് ചെയ്യണമെന്നും മേജർ എലിജ മബോർ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരയായ സ്ത്രീയുടെ വീട്ടിലേക്ക് ആടിന്റെ ഉടമ അഞ്ച് പശുക്കളെ ദാനം ചെയ്യണമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. ശിക്ഷ ലഭിച്ച ആട് അടുത്ത മൂന്ന് വർഷം അഡ്യു പ്രവിശ്യയിലുള്ള മിലിട്ടറി ക്യംപിൽ കഴിയേണ്ടിവരും.