യൂണിഫോം വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി. ഡ്രൈവർ യൂണിഫോം ധരിക്കാതെ ഡ്യൂട്ടി നിർവഹിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റാണ് കെഎസ്ആർടിസി വ്യക്തമാക്കി.
പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നും കെഎസ്ആർടിസി അറിയിച്ചു. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച്. അഷറഫ് മേയ് 25 ന് തിരുവനന്തപുരം – മാവേലിക്കര സർവീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.
കെഎസ്ആർടിസി വിജിലൻസിന്റെ അന്വേഷണത്തിൽ അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.
അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായതെന്നും അന്വേഷണത്തിൽ കണ്ടെത്തിയെന്നും കെഎസ്ആർടിസി വ്യക്തമാക്കി.