ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയാണ് രാജ്യത്തിന്റെ നായകൻ എന്ന വിവാദ പരാമർശവുമായി ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. ഗാന്ധിവധം ശരിയായ നടപടിയായിരുന്നുവെന്നും തൃശൂർ പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഗാന്ധി ഒരു തെറ്റായിരുന്നുവെന്നും ഗോഡ്സേയാണ് ശരിയെന്നും ശർമ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനും ഇന്ത്യയുമായി രാജ്യത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്സെ ഗാന്ധിയെ വധിച്ചത്. ഗോഡ്സെയുടെ പ്രവൃത്തിയെ ഹിന്ദുമഹാസഭ അംഗീകരിക്കുന്നതായും ഗാന്ധിയെ തങ്ങൾ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയാണ്. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവിരുദ്ധവുമാണെന്നും ശർമ പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് ഇപ്പോഴും തുടരുകയാണ്. ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ തെറ്റാണ്. ലൗ ജിഹാദ് ഇല്ലെന്നു പറഞ്ഞ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ തള്ളിപ്പറയാൻ തയാറാണോയെന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു മറുപടി.