കൊച്ചി : കുമ്പളങ്ങി വില്ലേജിനെപ്പറ്റി ഏവരും കേട്ടിരിക്കും.പക്ഷെ ഫ്ലോട്ടല്‍ എന്നു കേട്ടിട്ടുണ്ടോ? പേര് കേള്‍ക്കുമ്ബോള്‍ തോന്നുന്നതു പോലെ തന്നെ, ഒഴുകി നടക്കുന്ന ഒരു ഹോട്ടലാണ് ഇത്. ഈ ഒരു ആശയം പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട്, പരമാവധി സൗന്ദര്യാത്മകമായി രൂപകല്‍പന ചെയ്തിരിക്കുന്ന ഒരിടമാണ് കൊച്ചി നഗരത്തിനടുത്തുള്ള കുമ്ബളങ്ങിയിലെ അക്വാട്ടിക് ഐലന്‍ഡ്.
ജലത്തിന് മുകളില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ചോളം ഫ്ലോട്ടിങ് യൂണിറ്റുകള്‍ അടങ്ങിയ ഒരു റിസോര്‍ട്ടാണ് ഇത്. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത്, ജലനിരപ്പിനു താഴെയായി ഒരുക്കിയിരിക്കുന്ന കിടപ്പുമുറികളാണ്.കണ്ടല്‍ക്കാടു കളുടെ ശാന്തമായ പച്ചപ്പും ഉയരമുള്ള തെങ്ങുകളുടെ സാന്നിധ്യവും കൊണ്ട് ചുറ്റപ്പെട്ട 30 ഏക്കര്‍ സ്ഥലത്താണ് അക്വാട്ടിക് ഐലന്‍ഡ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
തിരക്കേറിയ ജോലികള്‍ മൂലം മടുപ്പനുഭവിക്കുന്ന പ്രൊഫഷനലുകള്‍ക്കും ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കുമെല്ലാം ഏറ്റവും മികച്ച ഓപ്ഷനാണ് ഈ റിസോര്‍ട്ട്. സ്വകാര്യ കുടുംബ യോഗങ്ങളും മറ്റും നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്.വെറുതേ താമസം മാത്രമല്ല, വൈവിധ്യമാര്‍ന്നതും ത്രില്ലിംഗുമായ നിരവധി ആക്ടിവിറ്റികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഇന്‍ഫിനിറ്റി പൂള്‍ ഇവിടെയാണ് ഉള്ളത്. ഉത്തരവാദിത്ത ടൂറിസമാണ് റിസോര്‍ട്ടില്‍ നടപ്പിലാക്കുന്നത്. കായലിനും ചുറ്റുമുള്ള പരിസ്ഥിതിക്കും യാതൊരുവിധ കോട്ടവും ഏല്‍ക്കാതെയാണ് ഇവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാലിന്യ സംസ്കരണത്തിനായി അത്യാധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.
കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമം കുമ്ബളങ്ങി.നിറയെ നെല്ല് വിളഞ്ഞുകിടക്കുന്ന പാടങ്ങളും മീന്‍കൂട്ടങ്ങള്‍ തുള്ളിക്കളിക്കുന്ന ശാന്തമായ കായല്‍പ്പരപ്പും കൗതുകമുണര്‍ത്തുന്ന ചീനവലയുടെ കാഴ്ചയും മാത്രമല്ല, ഗ്രാമീണതയുടെ നന്മ നിറഞ്ഞ നിഷ്കളങ്കരായ മനുഷ്യരും ഈ നാടിന്‍റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.കുമ്ബളങ്ങിയിലെ കാഴ്ചകള്‍ക്കൊപ്പം സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു യാത്രയ്ക്ക് മാറ്റു കൂട്ടുകയാണ് അക്വാട്ടിക് ഐലന്‍ഡ്.