ലൈംഗിക പീഡന കേസില്‍ പരാതിക്കാരിക്കെതിരെ ആരോപണവുമായി വിജയ് ബാബു ഹൈക്കോടതിയില്‍. പരാതിക്കാരിയായ നടി തന്റെ പക്കല്‍ നിന്നും പലതവണ പണം കടം വാങ്ങിയെന്ന് വിജയ് ബാബു ആരോപിക്കുന്നു. ഇക്കാര്യം ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ വ്യക്തമാകും.ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും വിജയ് ബാബു. നടി സിനിമയില്‍ അവസരം ലഭിക്കുന്നതിനായി തന്നെ നിരന്തരം വിളിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കില്‍ എത്തി ഭാര്യയോട് സംസാരിച്ചുവെന്നും വിജയ് ബാബു ആരോപിച്ചു. പരാതിക്കാരിയായ നടി ഏപ്രില്‍ 14 ന് തന്റെ ഫ്ളാറ്റില്‍ വെച്ച് പുതിയ നായികയോട് ദേഷ്യപ്പെട്ടതായും വുജയ് ബാബു ആരോപിക്കുന്നു. മറ്റൊരു നടിയെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാനുള്ള തീരുമാനമാണ് പരാതിക്കാരിയെ പ്രകോപിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. പരാതിക്കാരി അയച്ച സന്ദേശങ്ങള്‍ ഹൈക്കോടതിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും വിജയ് ബാബു വ്യക്തമാക്കി. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ വിവരങ്ങള്‍ കോടതിയ്ക്ക് കൈമാറിയത്.അതേസമയം വിജയ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് കൊച്ചി സിറ്റി പൊലീസ്. വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടികള്‍ തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു. ഇതിന്റെ ആദ്യപടിയായി റെഡ് കോര്‍ണര്‍ നോട്ടീസ് ആഭ്യന്തര വകുപ്പില്‍ നിന്നും സിബിഐക്ക് അയച്ചു. സിബിഐ വൈകാതെ ഈ നോട്ടീസ് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന് കൈമാറും. ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയാണ് സിബിഐ.
ഹൈക്കോടതിയുടെ കര്‍ശന നിലപാടിന് പിന്നാലെ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ പ്രതിഭാഗം അഭിഭാഷകന് ഹൈക്കോടതിയില്‍ ഹാജരാക്കി. മെയ് മാസം മുപ്പതിനുള്ള ദുബൈ കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകര്‍ കളിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. വിശദമായ യാത്രരേഖകള്‍ ഹാജരാക്കമെന്നും അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.