തിരുവനന്തപുരം : വലിയതുറ സ്വദേശിയായ രംഗൻ വിറ്റ HB 727990 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ വിഷു ബമ്പർ ഒന്നാം സമ്മാനമായ 10 കോടി രൂപ. നികുതി കിഴിച്ച് ഇവര്‍ക്ക് ലഭിക്കുക ഏതാണ്ട് 50 ലക്ഷത്തോളം രൂപയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദുവായ രംഗനും ക്രിസ്ത്യാനിയായ ജസീന്തയും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. ജന്മനാ വലതുകൈയ്ക്ക് ചെറിയ സ്വാധീന കുറവുണ്ടെങ്കിലും രംഗന്‍ ഓട്ടോ ഡ്രൈവറായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് എട്ട് വര്‍ഷം മുന്‍പാണ് ഭാര്യയുമൊത്ത് ലോട്ടറി കച്ചവടം തുടങ്ങിയത്. അതും എയര്‍പോര്‍ട്ടില്‍ മത്സരകച്ചവടം. ഫ്ളൈറ്റുകള്‍ കൂടുതലായി എത്തുന്ന പുലര്‍ച്ചയുള്ള സമയമാണ് ഇവരുടെ ലോട്ടറി വില്‍പന.
രാത്രി 12.30ന് ഉറക്കം ഉണരും. കട്ടന്‍കാപ്പിയും കുടിച്ച് മാതാവിന്റെ പടത്തിന് മുന്നില്‍ വച്ചിരിക്കുന്ന ടിക്കറ്റും എടുത്ത് പ്രാര്‍ത്ഥിച്ച് ഇറങ്ങും. ടി.വി എസ് സ്‌ക്കൂട്ടറിലാണ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര. മഴയായാലും മഞ്ഞായാലും അത് തുടരും. അല്ലെങ്കില്‍ അടുക്കള പുകയില്ല. രാവിലെ 6.30വരെ കച്ചവടം. തുടര്‍ന്ന് നേരെ കിഴക്കേകോട്ടയിലെത്തി അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റ് വാങ്ങും. പഴവങ്ങാടിയിലെ ഗിരീഷ് കുറുപ്പിന്റെ ചൈതന്യ ലക്കിസെന്ററാണ് പ്രധാന കട. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റും ഇവിടെ നിന്ന് വാങ്ങിയതാണ്.
ഈമാസം 14നാണ് ഇവര്‍ ചൈതന്യയില്‍ നിന്നും ടിക്കറ്റ് വാങ്ങിയത്.ബമ്ബര്‍ നറുക്കെടുപ്പ് ദിനമായ ഞായറാഴ്ച പുലർച്ചെയും കച്ചവടത്തിന് പോയി. അവശേഷിച്ച 34 ബമ്ബര്‍ ടിക്കറ്റും വിറ്റു തീര്‍ത്ത സന്തോഷത്തില്‍ വീട്ടിലെത്തി.വീട്ടിലെത്തിയ ഉടനെ ജസീന്ത ഓട്ടോ ഡ്രൈവറായ മകനോട് വേളാങ്കണ്ണിയില്‍ പോകാന്‍ എത്രരൂപ ചെലവാകുമെന്ന് ചോദിച്ചിരുന്നു. എന്താണ് കാര്യമെന്ന് മകനു ചോദിച്ചപ്പോള്‍ ബമ്ബര്‍ അടിച്ചാല്‍ പോകാല്ലോ എന്നായിരുന്നു മറുപടി. കാത്തിരുന്നോ ഇപ്പോ അടിക്കും എന്ന് പറഞ്ഞ് മകന്‍ കളിയാക്കുകയും ചെയ്തു.
മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവിന് എല്ലുപൊടിയുന്ന രോഗത്തിന് നല്ല ചികിത്സ നല്‍കണം, മകന് സ്വന്തമായി ഓട്ടോ വാങ്ങി നല്‍കണം.ചില്ലറ കടങ്ങളെല്ലാം വീട്ടണം ഇതാണ് രംഗന്റെയും ജസീന്തയുടെയും ആഗ്രഹം. രണ്ടുമക്കള്‍ക്കുമായി നാല് പേരക്കുട്ടികളുമുണ്ട്. അവര്‍ക്കായും നല്ല തുക നീക്കിവയ്ക്കണം.രണ്ടാളും മനസ്സ് തുറന്നു ചിരിക്കുന്നു.