NEWS

ഐപിഎൽ: അവസാന നാലിൽ ഇവർ

മുംബൈ: ഐപിഎലിൽ ഇത്തവണ പ്ലേ ഓഫിലെത്തിയ നാലു ടീമുകളില്‍ രണ്ടെണ്ണം അരങ്ങേറ്റത്തില്‍ തന്നെ കരുത്തറിയിച്ചവർ.
പ്രാഥമിക റൗണ്ടില്‍ വമ്ബന്മാരെ അരിഞ്ഞുതള്ളി പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തിയ ഗുജറാത്ത്‌ ടൈറ്റന്‍സിന്റെ പ്രകടനം ആവേശഭരിതം. 14 കളിയില്‍ 20 പോയിന്റ്‌ സമ്ബാദ്യവുമായാണ്‌ ടൈറ്റന്‍സിന്റെ വരവ്‌. ഇത്രയും കളിയില്‍ ടൈറ്റന്‍സിനേക്കാള്‍ രണ്ടു പോയിന്റ്‌ മാത്രം കുറവുള്ള മലയാളിതാരം സഞ്‌ജു സാംസണ്‍ നായകനായ രാജസ്‌ഥാന്‍ റോയന്‍സിന്റെ പ്രകടനവും ഗംഭീരം.

മൂന്നാം സ്‌ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കടന്നുവരവും അമ്ബരപ്പിക്കുന്നതായിരുന്നു. വമ്ബന്‍ ടൂര്‍ണമെന്റിലെ കന്നിക്കാരുടെ സഭാകമ്ബം തരിമ്ബുമില്ലാതെയാണു പുതിയ ഫ്രാഞ്ചൈസി ആദ്യ സീസണില്‍ത്തന്നെ ടൂര്‍ണമെന്റില്‍ സാന്നിധ്യമറിയിച്ചത്. കിരീടം തുടര്‍ച്ചായി വഴുതിപ്പോയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്‌ നാലാം സ്‌ഥാനക്കാരായി പ്ലേ ഓഫില്‍ ഇടംപിടിച്ചത്‌.

അവസാന രണ്ടിലെത്താന്‍ ഇനി പോരാട്ടം കൂടുതല്‍ കടുക്കും.രാജസ്‌ഥാന്‍ ഒഴികെ മറ്റു മൂന്നു ടീമുകളിലൊന്ന്‌ കിരീടമുയര്‍ത്തിയാലും അത്‌ അവര്‍ക്കു കന്നിക്കിരീടമാകും.ഗുജറാത്തും രാജസ്‌ഥാനും തമ്മിലാണ്‌ ഒന്നാം ക്വാളിഫയര്‍. ഇതിലെ ജേതാക്കള്‍ ഫൈനലിലേക്കു നേരിട്ടുയോഗ്യത നേടും. ലഖ്‌നൗ- ബാംഗ്ലൂര്‍ ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളുമായി ആദ്യ ക്വാളിഫയറിലെ പരാജിതര്‍ ഏറ്റുമുട്ടും. ഈ രണ്ടാം ക്വാളിഫയറിലെ ജേതാക്കളാകും കലാശപ്പോരിനു യോഗ്യത നേടുന്ന രണ്ടാമത്തെ ടീം.

Back to top button
error: