KeralaNEWS

ജീവന്‍ പോകാന്‍ ഷവർമ കഴിക്കണമെന്നില്ല, ഒരു ഗ്ലാസ് ജ്യൂസ് മതി. ഭക്ഷ്യവിഷബാധ; നമ്മുടെ അടുക്കളയിലെ ആഹാരം മുതൽ ഹോട്ടൽ ഭക്ഷണം വരെ

കാസര്‍കോട് ചെറുവത്തൂരില്‍ 16 കാരി ദേവനന്ദ ഷവര്‍മ കഴിച്ച് മരിച്ച ശേഷം ഷവര്‍മ, കരിമന്തി, വിവാഹ വീട്ടിലെ ബിരിയാണി അങ്ങനെ പലതില്‍നിന്നും പലയിടങ്ങളിൽ നിന്നായി പലര്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്ന വാര്‍ത്തകള്‍. ഒപ്പം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ക്കും ജീവന്‍ വച്ചതോടെ ഭക്ഷ്യവിഷബാധ എന്ന വിഷയം സജീവ ചര്‍ച്ചയാകുന്നു.

ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും ഉണ്ടാവുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കുന്നത്. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ (മെര്‍ക്കുറി, ലെഡ്) അല്ലെങ്കില്‍ വിഷവസ്തുക്കള്‍, ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച, പൊടിപടലങ്ങള്‍, മലിനജലം… ഇങ്ങനെ ഭക്ഷ്യവിഷബാധയ്ക്കുളള കാരണങ്ങള്‍ പലതാണ്. വൃത്തിയല്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍നിന്നു രോഗാണുക്കള്‍ പകരും. രോഗമുള്ള മൃഗങ്ങളേയോ പക്ഷികളേയോ അറക്കുന്നതോ അറക്കാനുപയോഗിക്കുന്ന പ്രതലം നല്ല രീതിയില്‍ വൃത്തിയാക്കാതെ വെക്കുന്നതോ ഒക്കെ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കും. പൊതുചടങ്ങുകളില്‍ വിളമ്പുന്ന ഭക്ഷണത്തില്‍നിന്നും ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നും മാത്രമല്ല, ചെറിയ അശ്രദ്ധ ഉണ്ടായാല്‍ വീട്ടിലെ അടുക്കളയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഷവര്‍മ പോലുളള മാംസാഹാരങ്ങളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുക എന്നാണ് ധാരണ. ഷവര്‍മയില്‍നിന്നു ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെങ്കിലും ചെറിയ അശ്രദ്ധ ഉണ്ടായാല്‍ ജ്യൂസ് വരെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. വൃത്തിഹീനമായ ചുറ്റുപാടില്‍ ഇത്തരം ഭക്ഷണങ്ങള്‍ പാകം ചെയ്താല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ബാക്ടീരിയകള്‍ വളരാം. കോഴിയിറച്ചിയില്‍ മാത്രമല്ല, മുട്ടയിലും സാല്‍മൊണല്ല പോലെയുള്ള ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാവുന്നതും ഉപയോഗിക്കുന്ന പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിധ്യവും കൃത്യമായി കഴുകി വൃത്തിയാക്കാത്ത പച്ചക്കറികളുടെ ഉപയോഗവും വേവിക്കാത്ത മുട്ടയുടെ ഉപയോഗവുമാണ് ഷവര്‍മയില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂട്ടുന്നത്.

ജ്യൂസ് ഉള്‍പ്പടെയുള്ള ശീതള പാനീയങ്ങള്‍ തയ്യാറാക്കാന്‍ തിളപ്പിച്ചാറിയതോ ഫില്‍ട്ടര്‍ ചെയ്തതോ ആയ വെള്ളവും അതില്‍നിന്നുള്ള ഐസും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മാനദണ്ഡം. ഐസ് കൈ കൊണ്ട് എടുക്കുകയോ നിലത്തുവെക്കുകയോ ചെയ്യരുത്. എന്നാല്‍, എത്രപേര്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നതാണ് പ്രശ്‌നം. ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാല്‍ ശുദ്ധീകരിക്കാത്തതാണെങ്കിലും ഭക്ഷ്യവിഷബാധ ഉണ്ടാവും. വൃത്തിയില്ലാത്ത ചുറ്റുപാടിലും പാത്രത്തിലും ഭക്ഷണത്തിനുള്ള ചേരുവകള്‍ തയ്യാറാക്കുന്നതിലൂടേയും പാകം ചെയ്യുന്നതിലൂടെയും രോഗാണുക്കള്‍ ശരീരത്തില്‍ എത്താം. ഹോട്ടലുകളിലും പൊതു ചടങ്ങുകളിലും ഭക്ഷണം തയ്യാറാക്കുന്നവര്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും ഏതെങ്കിലും പകര്‍ച്ചവ്യാധികള്‍ ഉള്ള ആളുകള്‍ ഭക്ഷണമുണ്ടാക്കുന്നതും ഭക്ഷ്യവിഷബാധ ഉണ്ടാക്കാം.
ഭക്ഷണം പാഴ്‌സല്‍ വാങ്ങിക്കുകയാണെങ്കില്‍ അത് ഉടന്‍ കഴിക്കണം. ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് വില്പനയ്ക്കായി പാകപ്പെടുത്തിയ ഭക്ഷണസാധനം ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷെ, പല ഹോട്ടലുകളും ഈ രീതി പിന്തുടരുന്നുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ കലവറയാണ് ഇത്തരം ഭക്ഷണങ്ങള്‍.

വീട്ടിലെ അടുക്കളയും പണി തരും

ഹോട്ടലുകളില്‍നിന്ന് മാത്രമല്ല വീട്ടിലെ അടുക്കളയില്‍നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകും. ശുചിത്വമാണ് ഹോട്ടലില്‍ എന്ന പോലെ വീട്ടിലും ഭക്ഷ്യവിഷബാധയെ അകറ്റാനുള്ള പ്രധാന വഴി. ഭക്ഷ്യവസ്തുക്കള്‍ മുറിക്കാൻ ഉപയോഗിക്കുന്ന ചോപ്പിങ്ങ് ബോര്‍ഡുകള്‍ ബാക്ടീരയകള്‍ പടരുന്ന പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങള്‍ എന്നിവ മുറിക്കാന്‍ വേറേ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഉപയോഗശേഷം നല്ല രീതിയില്‍ വൃത്തിയാക്കി സൂക്ഷിക്കണം.
പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ മുറിക്കുമ്പോളുള്ള അവശിഷ്ടങ്ങള്‍ അടുക്കളയില്‍ കൂട്ടിയിടരുത്. ഇത് യഥാസമയം വൃത്തിയാക്കണം. ഒപ്പം ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി, തുടങ്ങിയവ ഉപയോഗിക്കരുത്. പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, എക്സ്പയറി ഡേറ്റ് കഴിഞ്ഞ വസ്തുക്കള്‍ എന്നിവ കഴിക്കാനോ പാകം ചെയ്ത് ഉപയോഗിക്കാനോ പാടില്ല.
ഫ്രിഡ്ജില്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനും പാടില്ല, പഴകിയ ഭക്ഷണം മാത്രമല്ല, പാകം ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞ ഭക്ഷണം കഴിക്കുന്നതും വിനയാകും. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറില്‍ കൂടുതല്‍ വെക്കുകയാണെങ്കില്‍ അത് നിയന്ത്രിത ഊഷ്മാവില്‍ തണുപ്പിച്ച് സൂക്ഷിക്കണം. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ള പാത്രങ്ങളില്‍ മാത്രം ഭക്ഷണം ഉണ്ടാക്കുകയും കഴിക്കുകയും വേണം.

Back to top button
error: