NEWS

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലും കോൺഗ്രസ് ഇല്ലാതാകും:മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാർ

കൊച്ചി‍: ദേശീയതലത്തില് പ്രസക്തി നഷ്ടമായ കോണ്‍ഗ്രസ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലും ഇല്ലാതാകുമെന്ന് മുൻ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാർ.കോണ്‍ഗ്രസ് അസ്വസ്ഥതയുടെ കൂടാരമായി മാറി. ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ നില്‍ക്കാനാകില്ല. ദേശീയ, സംസ്ഥാന തലങ്ങളില്‍ നേതാക്കളുടെ പെട്ടിയെടുപ്പ് മാത്രമാണ് കോണ്‍ഗ്രസില്‍ പരിഗണന. കോണ്‍ഗ്രസ് പാര്‍ടിയുടെ അധികാരം പിടിക്കാനാണ് കെ സുധാകരനും വി ഡി സതീശനും ശ്രമിക്കുന്നത്. കൂട്ടായ ചര്‍ച്ചയില്ലാതെ ഏകാധിപത്യ പ്രവണതയാണ് ഇരുവര്‍ക്കുമെന്നും കെ പി അനില്‍കുമാര്‍ പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ടി വിട്ട് ബിജെപിയിലെത്തിയിട്ടും അവര്‍ക്കെതിരെ ഒരക്ഷരംപോലും പ്രതികരിച്ചില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തുന്നത് അവര്‍ക്ക് സന്തോഷമാണ്. സംഘപരിവാരത്തിന്റെ ഏജന്റുമാരാണ് കോണ്‍ഗ്രസ്. ഹിന്ദു പ്രധാനമന്ത്രിയാകണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. സംഘപരിവാര്‍ പാളയത്തിലേക്ക് പോകാതെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തേക്ക് തങ്ങളെപോലുള്ളവര്‍ വന്നപ്പോള്‍ പരിഹാസവും തെറിവിളിയുമാണെന്നും അനിൽകുമാർ പറഞ്ഞു.
തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Back to top button
error: