
കിഴക്കൻ മേഖലയുടെ വികസനത്തിനുതുകുന്ന തിരുവനന്തപുരം-പൊള്ളാച്ചി ഈസ്റ്റേൺ ഹൈവേ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്, വിതുര, പാലോട്,അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തിനാട്, തൊടുപുഴ,കോതമംഗലം, കോടനാട്,മലയാറ്റൂർ വഴി പൊള്ളാച്ചിയിലേക്ക് ദേശീയപാത നിലവാരത്തിൽ ഈസ്റ്റേൺ ഹൈവേ
നിർമ്മിക്കണമെന്നാണ് ആവശ്യം.
എം.സി.റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാകുന്നതോടൊപ്പം കിഴക്കൻ തോട്ടം മേഖലയുടെ വികസനവും ഇതുവഴി യാഥാർത്ഥ്യമാകും.ഒപ്പം കോതമംഗലം ചെറിയ പള്ളി, മലയാറ്റൂർ പള്ളി, ശബരിമല, ഭരണങ്ങാനം, പഴനി, വേളാങ്കണ്ണി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങൾക്കും മൂന്നാർ, ഭൂതത്താൻ കെട്ട്, കൊടൈക്കനാൽ, വാൽപ്പാറ ഉൾപ്പെടെയുള്ള ടൂറിസം മേഖലകളിലേക്കുമുള്ള ദൂരം കുറയുകയും ചെയ്യും.തെക്കൻ കേരളത്തിൽ നിന്നും ഒട്ടൻഛത്രം, കോയമ്പത്തൂർ, തഞ്ചാവൂർ, പോണ്ടിച്ചേരി പോലുള്ള കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ഈ പാത സഹായിക്കും.തിരുവനന്തപുരത്തുനി ന്നുമുള്ള ചെന്നൈ, ബംഗളൂരു റോഡ് യാത്രയും ഇതോടെ എളുപ്പമാകും.
നിലവിൽ പുനലൂർ-മൂവാറ്റുപുഴ(SH-8) റോഡ് നവീകരണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ബാക്കി ഭാഗം നിർമ്മിച്ചാൽ മതിയെന്നിരിക്കെ നിർമ്മാണച്ചിലവും ഈ പാതയ്ക്ക് വളരെ കുറവായിരിക്കും.






