CrimeNEWS

സ്വർണ്ണകടത്ത്, പ്രവാസിയായ അബ്ദുൽ ജലീലിനെ ദിവസങ്ങളോളം അതിക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസിൽ 5 പേർഅറസ്റ്റിൽ

ഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിനെ പെരിന്തൽമണ്ണയിൽ അതിക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തിയ കേസിൽ 5 പേർ അറസ്റ്റിൽ. മൂന്നുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സുജിത്ത് ദാസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം സ്വർണക്കടത്ത് തന്നെയാണെന്ന് എസ്.പി പറഞ്ഞു. കൂടുതൽപേർ പിടിയിലാകാനുണ്ട്. ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടിൽ അൽത്താഫ്, ചോലയ്ക്കൽ വീട്ടിൽ റഫീക്ക് മുഹമ്മദ് മുസ്തഫാ എന്ന മുത്തു, എടത്തനാട്ടുകര സ്വദേശി പാറക്കോട്ട് വീട്ടിൽ അനസ് ബാബു എന്ന മണി, പൂന്താനം സ്വദേശി കോണി കുഴിയിൽ മുഹമ്മദ് അബ്ദുൽ അലി എന്ന അനിമോൻ, പൂന്താനം കൊണ്ടിപ്പറമ്പ് സ്വദേശി പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ എന്ന ഉണ്ണി എന്നിവരാണ് അറസ്റ്റിലായത്.

അലി മോൻ, അൽത്താഫ്, റഫീക്ക് എന്നിവർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്. അനസ് ബാബു, മണികണ്ഠൻ എന്നിവരാണ് സഹായങ്ങൾ ചെയ്തു കൊടുത്തത്. ഒളിവിൽ പോയ യഹിയ ആണ് കേസിലെ മുഖ്യ പ്രതി. ഇയാൾക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും പ്രതികളെ രക്ഷപ്പെടുത്താൻ സഹായിച്ചവരും പിടിയിലാകുമെന്നും എസ്.പി പറഞ്ഞു സ്വർണ്ണക്കടത്താണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലചെയ്യപ്പെട്ട ജലീൽ സ്വർണക്കടത്തിലെ കാരിയർ ആയിരുന്നു. പത്ത് വര്‍ഷത്തോളമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീല്‍. ഈ മാസം 15നാണ് ജലീല്‍ ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. അപ്പോൾ മുതൽ ഈ സംഘത്തിൻ്റെ കസ്റ്റഡിയിലായിരുന്നു ജലീൽ. പിന്നീട് സംഭവിച്ചതിനെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ:
ഞായറാഴ്ച തന്നെ ഉച്ചയോടെ ജലീലിനെ പെരിന്തൽമണ്ണയിൽ എത്തിച്ചു. രാത്രി 9 മണിവരെ രണ്ട് കാറുകളിലായി പെരിന്തൽമണ്ണയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി. രാത്രി 10 മണിയോടെ ആക്കപ്പറമ്പിലുള്ള വിജനമായ ഗ്രൗണ്ടിൽ എത്തിച്ചു. പിന്നീട് സംഘത്തിലേക്ക് രണ്ട് കാറിലെത്തിയവരും ചേർന്ന് ഗ്രൗണ്ടിൽ വച്ച് രാത്രി മുതൽ പുലർച്ചെ 5 മണി വരെ മാരകായുധങ്ങളായ ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ച് കാലിലും കൈകളിലും തുടകളിലും ശരീരത്തിന് പുറത്തും യുവാവിനെ അതിക്രൂരമായി തല്ലിച്ചതച്ചു. കൈകൾ പിറകോട്ട് കെട്ടി ദേഹത്ത് കുത്തി പരുക്കേൽപ്പിച്ചു. ദേഹം പൊട്ടി രക്തം ഒലിക്കാൻ തുടങ്ങിയതോടെ ഗ്രൗണ്ടിൽ നിന്നെടുത്ത് കാറിൽ കയറ്റി പുലർച്ചെ അഞ്ചരയോടെ അനസ് ബാബുവിൻ്റെ പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഫ്ലാറ്റിലേക്ക് മാറ്റി. അവിടെവച്ച് സംഘത്തിലുള്ളവർ തുടർച്ചയായി രണ്ട് ദിവസം രാത്രിയിലും പകലും മാറിമാറി യുവാവിനെ പൈപ്പുകൾ ഉപയോഗിച്ച് ശരീര ഭാഗങ്ങൾ തല്ലിച്ചതച്ചു. വളരെ ദയനീയ നിലയിൽ എത്തിയിട്ടും യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനോ വീട്ടുകാരെ ഏൽപ്പിക്കുന്നതിനോ ശ്രമിച്ചില്ല. സംഘത്തിൽ ഉൾപ്പെട്ട, മേലാറ്റൂരിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന മണികണ്ഠൻ എന്നയാളുടെ മെഡിക്കൽ ഷോപ്പിൽ നിന്നും മുറിവുണങ്ങാനുള്ള മരുന്നുകൾ കൊണ്ടുവന്ന് പുരട്ടി. പരിക്കേറ്റ് അവശനായ യുവാവിനെ മുഹമ്മദ് അബ്ദുൽ എന്ന ആളുടെ വീട്ടിലേക്ക് മാറ്റി. അവിടെ വച്ചും ക്രൂരമായ മർദ്ദനം തുടർന്നു. അവശനിലയിലായ അബ്ദുൽ ജലീൽ പതിനെട്ടാം തീയതി രാത്രിയോടെ ബോധരഹിതനായി. തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള രണ്ട് നഴ്സിംഗ് അസിസ്റ്റൻറ് മാരെ കാറിൽ യുവാവിനെ പാർപ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകി. എന്നാൽ ജലീലിന് ബോധം തിരിച്ചു കിട്ടാതായതോടെ 19 ന് രാവിലെ 7 മണിയോടെ മുഖ്യപ്രതിയായ യഹിയ കാറിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ യുവാവിനെ എത്തിച്ചു. ആക്കപ്പറമ്പ് റോഡരുകിൽ കിടക്കുന്നത് കണ്ട് എടുത്തുകൊണ്ടു വന്നതാണെന്ന് പറഞ്ഞ് യഹിയ രക്ഷപെട്ടു.
കാണാതായി നാലാം ദിവസമാണ് ജലീലിനെ ഗുരുതര പരുക്കുകളോടെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിലായിരുന്ന ജലീൽ രാത്രി 12.15 ഓടെ മരിച്ചു. ആശുപത്രി അധികൃതരാണു പൊലീസിൽ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ച വിവരം നെറ്റ് കോളിലൂടെ ഒരാൾ ജലീലിൻ്റ ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നു. സ്വർണ്ണം എന്തു ചെയ്തു എന്നും എത്ര ഉണ്ടായിരുന്നു എന്നും തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് എസ്.പി സുജിത്ത് ദാസ് പറഞ്ഞു. യാഹിയയെ പിടികൂടിയാൽ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.

Back to top button
error: