NEWS

വീട്ടുജോലിക്കാരിയിൽ നിന്നും ലോകം അറിയപ്പെടുന്ന എഴുത്തുകാരിയിലേക്ക്

പാൽക്കാരൻ കൊണ്ട് വന്നതാണ് വീട്ടിലെ ആ പുതിയ വേലക്കാരിയെ. അവളുടെ ചലനങ്ങളിൽ, പെരുമാറ്റത്തിൽ, വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത  പ്രൊ. പ്രബോധ് കുമാറിന് തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ ആ 29 കാരി വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകം ചെയ്യലും എന്ന് വേണ്ട വീട്ടിലെ സർവ്വ പണികളും നിശബ്ദം ചെയ്തു പോന്നു.
 പക്ഷെ , അതൊന്നുമല്ല , നരവംശ ശാസ്ത്രജ്ഞനായ ആ റിട്ടയേർഡ് പ്രൊഫസ്സറെ അതിശയിപ്പിച്ചത്.   വീട്ടിലെ മറ്റു ജോലികൾ ചെയ്യാറുള്ളപ്പോൾ സാധാരണ കാണാറുള്ള ആ കരവേഗം, തിടുക്കം, സാമർഥ്യം  ലൈബ്രറി  മുറിയിലെ ബുക്ക് ഷെൽഫ്  വൃത്തിയാക്കുമ്പോൾ, പുസ്തകങ്ങൾ പൊടി തട്ടി അടുക്കി വയ്ക്കുമ്പോൾ അവൾക്കില്ലല്ലോ. പലതവണ ഇത്   ശ്രദ്ധിച്ചു .
അവളുടെ വിരലുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളുകളിലൂടെ പതുക്കെ എന്തോ തിരയുകയാണ്. ആ കണ്ണുകൾ ആ പുസ്തക താളുകളിലെ അക്ഷരങ്ങളിൽ ഉടക്കി നിൽക്കുകയാണ്.
ഒടുവിൽ   അദ്ദേഹം ചോദിച്ചു, ‘ നീ വായിക്കുമോ?
വീട്ടിലെ ബിസ്ക്കറ്റ് ടിന്നിൽ നിന്നും   ബിസ്ക്കറ്റ് ഒളിച്ചു എടുത്തു തിന്നത് പിടിക്കപ്പെട്ട  ഒരുവളുടെ    ജാള്യതയോടെ അവൾ മിണ്ടാതെ തലകുനിച്ചു നിന്നു.
എന്നാൽ ,  മുൻഷി പ്രേംചന്ദ് എന്ന   പേരുകേട്ട ഹിന്ദി എഴുത്തുകാരന്റെ ചെറു മകനായ പ്രൊ. പ്രബോധ് കുമാറിന്റെ അന്നേരത്തെ പ്രതികരണം അവളുടെ നിഷ്കളങ്ക മനസ്സിൻറെ  വികാര വിചാരങ്ങൾക്കും ഒക്കെ അപ്പുറം ആയിരുന്നു.
അതെ, ആ സംഭവം ആ പാവം വേലക്കാരി സ്ത്രീയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയിരുന്നു.
 ”നിനക്ക് പുസ്തകങ്ങൾ വായിക്കുവാൻ താല്പര്യമുണ്ടെങ്കിൽ എത്ര വേണമെങ്കിലും വായിച്ചോളൂ. ഈ ബുക്ക് ഷെൽഫ് ഇനി നിനക്ക് കൂടി അവകാശപ്പെട്ടതാണ് .”
  തസ്ലീമ നസ്രീമിന്റെ അമർ മേയേബേല (My girlhood) ആണ് മടിച്ചു മടിച്ചു അവൾ ആദ്യം എടുത്തത്. ആർത്തിയോടെ അവൾ അത് വായിച്ചു തുടങ്ങി. തന്റെ തന്നെ കഥയാണോ താനീ   വായിക്കുന്നത്, അവൾക്കു സംശയം തോന്നി.
അതൊരു തുടക്കം മാത്രമായിരുന്നു.
ആശാപൂർണാദേവിയും മഹാശ്വേതാ ദേവിയും ബുദ്ധദേവ് ഗുഹയും എന്ന് വേണ്ട ബംഗാൾ സാഹിത്യത്തിലെ ഒട്ടു മിക്ക പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങൾ അവൾ ദിവസങ്ങൾ കൊണ്ട് വായിച്ചു തീർത്തു.
ഒരു ദിവസം പുറത്തു പോയ പ്രൊഫസ്സർ കൈയ്യിൽ ഒരു പേനയും ഒരു നോട്ടു പുസ്തകവുമായാണ് തിരിച്ചെത്തിയത് .അവളുടെ കൈയിൽ അവ ഏൽപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
 “നീ എഴുതണം.”
അതൊരു ആജ്ഞയായിരുന്നു. ഒരു പിതാവിന്റെ മകളോടുള്ള   കല്പന. അതെ, താൻ താത്തൂസ് എന്ന് വിളിക്കുന്ന ആ വലിയ മനുഷ്യൻ അവൾക്കു പിതൃ തുല്യനായിരുന്നു. അദ്ദേഹത്തിന് അവൾ മകളും.
 അദ്ദേഹത്തിന്റെ കല്പന അവൾക്കു നിരാകരിക്കുവാൻ കഴിയില്ല. എങ്കിലും മടിച്ചു മടിച്ചു അവൾ ചോദിച്ചു.
‘ഞാനോ, ഞാൻ എന്ത് എഴുതാൻ? എനിക്കെന്തെഴുതാൻ കഴിയും?
‘നിനക്ക് എഴുതാൻ പറ്റും, നിനക്ക് നിന്നെ കുറിച്ച് എഴുതാൻ കഴിയും. നിന്റെ കഥയോളം ഹൃദയ സ്പർശിയായ ഒരു ആത്മ കഥയുണ്ടാവില്ല.”
താത്തൂസിന്റെ വാക്കുകൾ അവളുടെ നെഞ്ചിൽ തറച്ചു.
അങ്ങനെ അവൾ തന്റെ കഥ എഴുതി തുടങ്ങി.
 അമ്മയുടെ സ്നേഹത്തിനു വേണ്ടി ദാഹിച്ചു തളർന്നു, വാടി കരിഞ്ഞു പോയ ഒരു  നാല് വയസ്സുകാരിയുടെ കരളലിയിക്കും  ശൈശവത്തെ  കുറിച്ച്, അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടും ക്രൂരതകളിൽ വികൃതമാക്കപ്പെട്ട   അവളുടെ ബാല്യത്തിന്റെ ദയനീയ  മുഖത്തെക്കുറിച്ചു ,    12- ആം വയസ്സിൽ തന്നെക്കാൾ 14 വയസ്സ് മൂപ്പുള്ള ഒരാളെ വിവാഹം കഴിച്ചു 14 –  ആം വയസ്സിൽ അയാളുടെ കുട്ടികളുടെ അമ്മയാവാൻ തുടങ്ങിയതിനെ കുറിച്ച്,
 അനുഭവിക്കേണ്ടിവന്ന കൊടും യാതനകളെ കുറിച്ച് , അവസാനം അയാളുടെ പീഡനം സഹിക്ക വയ്യാണ്ട് ആ    മൂന്നു പിഞ്ചു കുട്ടികളെയും കൂട്ടി പശ്ചിമ ബംഗാളിലെ തന്റെ ഗ്രാമത്തിൽ നിന്നും ഓടി പോന്നു, ദില്ലിയിൽ എത്തി ഒരു വീട്ടു  ജോലിക്കാരിയായി  ജീവിതം കരുപ്പിടിപ്പിച്ചതിനെ കുറിച്ച് , തന്റെ ജീവിത യാത്രയിൽ താൻ സഹിച്ച അപമാനങ്ങളെ കുറിച്ച്, അവഹേളനങ്ങളെ കുറിച്ച്,  നേരിട്ട ദുരന്തങ്ങളെയും, അനുഭവിച്ച വേദനകളെയും  കുറിച്ച്, എല്ലാത്തിനുമൊടുവിൽ താത്തൂസ് എന്ന ദൈവ തുല്യനായ ആ   പ്രൊഫസറുടെ വീട്ടിൽ എത്തപ്പെട്ടതിനെ കുറിച്ച്  ഒക്കെയും അവൾ  തന്റെ നോട്ട്ബുക്കിൽ കുത്തി ക്കുറിച്ചു  തുടങ്ങി.
ആറാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചിരുന്ന അവൾ 20 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി എന്തെങ്കിലും എഴുതുകയായിരുന്നു.  അക്ഷരങ്ങൾ പലതും മറന്നിരുന്നു. വള്ളികളും പുള്ളികളും കുത്തുകളും കോമകളും അവൾക്കു അപരിചിതമായിട്ടുണ്ടായിരുന്നു .
എങ്കിലും അവൾ എഴുതി തുടങ്ങി.
തങ്ങൾക്കു എഴുതേണ്ട നോട്ട് ബുക്കുകളിൽ അമ്മ എഴുതുന്നത് കണ്ടു    അവളുടെ കുട്ടികൾ അന്തം വിട്ടു.
12-ആം വയസ്സിൽ നടന്ന വിവാഹമെന്ന ആ ചടങ്ങും ആദ്യരാത്രി മുതൽ ഭർത്താവു എന്ന് പറയുന്ന ആ പുരുഷനിൽ നിന്നു നേരിട്ട ക്രൂര ബലാത്സംഗങ്ങളും 14 -ആം വയസ്സിലെ ആദ്യ പ്രസവത്തിന്റെ വേദനയും എല്ലാം അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.
അടുക്കളയിൽ പച്ചക്കറി നുറുക്കുന്നതിനിടയിൽ, പാത്രം മോറുന്നതിനിടയിൽ, വീട് അടിച്ചു വാരുന്നതിനിടയിൽ, പാതി രാത്രിയിൽ കുട്ടികൾ ഉറക്കം പിടിച്ചു കഴിയുമ്പോൾ ഒക്കെയും അവൾ എഴുതി.
വാക്കുകൾ അവളുടെ തൂലികയിൽ നിന്നും പ്രവഹിക്കുകയായിരുന്നു.
കയ്പേറിയ തന്റെ   ജീവിതാനുഭവങ്ങളെ കടലാസിലേക്ക് പകർത്തുവാൻ അവളോട് പറയുമ്പോൾ, ആ ദുഃഖങ്ങളിൽ നിന്നും വേദനകളിൽ നിന്നും അവളുടെ മനസ്സിന് ഒരു താൽക്കാലിക മോചനം മാത്രമാണ്   അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പച്ചക്കറി നുറുക്കുന്ന ലാഘവത്തോടെ രചന നിർവഹിക്കുന്ന അവൾ, അവളുടെ കുറിപ്പുകൾ, പ്രൊഫസ്സറെ തീർത്തും ആശ്ചര്യപ്പെടുത്തി. എന്തെങ്കിലും ഒന്ന് എഴുതണമെങ്കിൽ തനിക്കു എത്ര തയ്യാറെടുപ്പുകൾ വേണം. സ്വന്തം മേശയും എഴുത്തുമുറിയും തന്റേതായ പേനയും ഇല്ലെങ്കിൽ തനിക്കു ഒന്നും എഴുതാൻ കഴിയില്ല. ഇവിടെ ഈ വാല്യക്കാരി, സരസ്വതി ദേവിയുടെ കടാക്ഷം മാത്രം കൈമുതലായ ഇവൾ
ഇതൊന്നുമില്ലാതെ എഴുതി കൂട്ടുന്നു !!!!
അവിശ്വസനീയം!!!!!
 അവളുടെ ആ നോട്ടു പുസ്തകം താത്തൂസ് അദ്ദേഹത്തിന്റെ എഴുത്തുകാർ സുഹൃത്തുക്കളെ കാണിച്ചു. ഏവർക്കും ഒരു അത്ഭുതമായിരുന്നു അതിലെ വരികൾ. അതൊരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ അവർ തീരുമാനിച്ചു .
” ആലോ അന്ധാരി” എന്ന വിഖ്യാത കൃതിയുടെ ആവിർഭാവമായിരുന്നു അത്. ബേബി ഹൽദർ എന്ന പ്രശസ്ത സാഹിത്യകാരിയുടെ ഉദയവും .
ആ സർഗ്ഗ പ്രതിഭയുടെ ആത്മ കഥയിൽ നിന്നും കടം കൊണ്ട ഏതാനും വരികൾ ആണ്  ഈ കുറിപ്പിന്റെ  ആമുഖമായി പറഞ്ഞത് .
 ആലോ അന്ധാരി എന്നാൽ ഇരുളും വെളിച്ചവും. പാവപെട്ട ഒരു വീട്ടു വേലക്കാരിയുടെ കഥമാത്രമല്ല, ജീവിതക്ളേശം അനുഭവിക്കുന്ന ഓരോ  പെണ്ണിന്റെയും  കഥയാണിത് . കഷ്ടത നിറഞ്ഞ  ജീവിതങ്ങളുടെ  ഇരുട്ടിലേക്ക് വെളിച്ചം വീശുന്ന ആ
പുസ്തകം വിവിധ ഭാരതീയ ഭാഷകളിലേക്കും , വിദേശ ഭാഷകളിലേക്കും പിന്നീട് പരിഭാഷപ്പെടുത്തി .
ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീ ശക്തിയുടെ പ്രതീകങ്ങളിലൊരായി ബേബി ഹൽദർ എന്ന എഴുത്തുകാരി ഉയർത്തപ്പെട്ടു.

Back to top button
error: