KeralaNEWS

കുളത്തിൽ കുളിക്കാനിറങ്ങിയ കൂട്ടുകാരായ വിദ്യാർഥികൾ മുങ്ങി മരിച്ചു, തേങ്ങലടങ്ങാതെ ചെർക്കപ്പാറ ഗ്രാമം

പെരിയ: രണ്ട് വിദ്യാർഥികളുടെ മുങ്ങി മരണത്തിൽ നാട്‌ വിറങ്ങലിച്ചു. ബുധൻ വൈകിട്ട്‌ ചെർക്കപ്പാറ സർഗം ക്ലബിന് സമീപത്തെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ അഞ്ചുകുട്ടികളിൽ രണ്ട് പേരുടെ മരണത്തിൻ്റെ ഞെട്ടലിലാണ് ഗ്രാമം. വിദ്യാർത്ഥികളായ പാക്കം ചെർക്കപ്പാറയിലെ നന്ദഗോപനും ദിൽജിത്തുമാണ് മരിച്ചത്. കൂട്ടുകാരോടൊത്ത് കളിയും ചിരിയുമായി കുളിക്കുകയായിരുന്ന ഇവർ ഇരുവരും വെള്ളത്തിൽ മുങ്ങിയതോടെ കുടെ ഉണ്ടായിരുന്ന കുട്ടികൾ പരിഭ്രാന്തിയിലായി. ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഫയർഫോഴ്‌സും പൊലീസും എത്തി. സംഭവമറിഞ്ഞെത്തിയ മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കുമാരൻ എന്നിവരും രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി.

എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു മരിച്ച പാക്കം ചെർക്കപ്പാറയിലെ നന്ദഗോപനും ദിൽജിത്തും. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനത്തിലും മിടുക്കന്മാരായിരുന്നു അയൽവാസികളായ ഇവർ.

അപ്രതീക്ഷിത ദുരന്ത വാർത്ത അറിഞ്ഞതോടെ ജില്ലാ ആശുപത്രിയിൽ എത്തിയവരാകെ വിതുമ്പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, സബ്കലക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം രാമചന്ദ്രൻ എന്നിവർ ആശുപത്രിയിലെത്തി.

വർഷങ്ങൾക്ക് മുൻപ് ആലകോടൻ ശങ്കരൻ മണിയാണിയാണ്‌ പൊതു സ്ഥലത്ത് കുളം നിർമിച്ചത്‌. പിന്നീട്‌ പള്ളിക്കര പഞ്ചായത്ത്‌ കുളം ഏറ്റെടുത്ത് വിപുലപ്പെടുത്തി നീന്തി കുളിക്കാൻ പറ്റുന്ന രീതിയിലാക്കി. മഴക്കാലത്ത് സമീപപ്രദേശത്തെ ഒരുപാട് ആളുകൾ നിത്യേന കുളം ഉപയോഗിക്കുന്നുണ്ട്.

Back to top button
error: