BusinessTRENDING

നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി: പെട്രോകെമിക്കലുകളിലെ മാര്‍ജിന്‍ ഞെരുക്കവും ഇന്ധന വില്‍പ്പനയിലെ നഷ്ടവും കാരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 6,021.88 കോടി രൂപയായിരുന്നു കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം.

ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 8,781.30 കോടി രൂപയായിരുന്നു അറ്റാദായം. പാദ അടിസ്ഥാനത്തില്‍, മുന്‍ പാദത്തിലെ ലാഭമായ 5,860.80 കോടി രൂപയേക്കാള്‍ കൂടുതലാണിത്. എന്നാല്‍, എണ്ണവില കുതിച്ചുയര്‍ന്നതോടെ, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 1.63 ലക്ഷം കോടി രൂപയായിരുന്നു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള നികുതിക്ക് മുമ്പുള്ള വരുമാനം 8 ശതമാനം ഇടിഞ്ഞ് 8,251.29 കോടി രൂപയായപ്പോള്‍, പെട്രോകെമിക്കല്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം 72 ശതമാനം കുറഞ്ഞ് 570.18 കോടി രൂപയായി. രണ്ട് ഓഹരി കൈവശമുള്ളവര്‍ക്ക് ബോണസായി ഒരു ഓഹരി കൂടി നല്‍കുവാന്‍ കമ്പനിയുടെ ബോര്‍ഡ് തീരുമാനിച്ചു. അന്തിമ ലാഭവിഹിതമായി 3.60 രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മുമ്പ് ഇടക്കാല ലാഭവിഹിതമായി നല്‍കിയ 9 രൂപയ്ക്ക് പുറമെയാണിത്.

Back to top button
error: