ന്യൂഡല്‍ഹി: ചരിത്ര സ്‌മാരകമായ കുത്തബ് മിനാര്‍ പണിതത് അഞ്ചാം നൂറ്റാണ്ടില്‍ വിക്രമാദിത്യ രാജാവാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയിലെ (എഎസ്‌ഐ) മുന്‍ ഉദ്യോഗസ്ഥന്‍.കുത്തബ് മിനാര്‍ പണിതത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാനാണെന്നും എഎസ്‌ഐയുടെ മുന്‍ റീജിയണല്‍ ഡയറക്ടറായ ധരംവീര്‍ ശര്‍മ പറഞ്ഞു. താജ് മഹല്‍, ഗ്യാന്‍വാപി പള്ളി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കനക്കവേയാണ് പുതിയ പരാമര്‍ശം.
അത് കുത്തബ് മിനാറല്ലെന്നും സൂര്യ ഗോപുരമാണെന്നും ഇക്കാര്യങ്ങള്‍ സ്ഥാപിക്കാന്‍ തെളിവുണ്ടെന്നും എഎസ്‌ഐയുടെ ഭാഗമായി നിരവധി തവണ സ്മാരകത്തില്‍ സര്‍വേ നടത്തിയ ധരംവീര്‍ ശര്‍മ പറയുന്നു.
‘ഗോപുരത്തിന് 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. ജൂണ്‍ 21ന് സൂര്യാസ്തമയത്തിന്റെ സ്ഥാനം മാറുമ്ബോള്‍ കുത്തബ് മിനാറിലെ ചരിവ് കാരണം പ്രദേശത്ത് നിഴല്‍ വീഴാതിരിക്കാന്‍ സഹായിക്കുന്നു. ഇത് ശാസ്ത്രമാണ്. പുരാവസ്തു സംബന്ധമായ കാര്യമാണ്’- ധരംവീര്‍ ശര്‍മ പറഞ്ഞു.