KeralaNEWS

തദ്ദേശ വാര്‍ഡുകളിലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നേറ്റം, തൃപ്പുണിത്തുറയിൽ തോൽവി

  തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ആരവങ്ങൾക്കിടെ കാസർകോട്, വയനാട് ജില്ലകൾ ഒഴികെയുള്ള സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക്  നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുന്നേറ്റം. 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. രണ്ട് കോർപറേഷൻ, എഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 182 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആറു വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്തു ബിജെപിക്കു വിജയം. രണ്ടിടത്ത് യുഡിഎഫും ഒരു വാർഡിൽ എൽഡിഎഫും ജയിച്ചു. കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് ഡിവിഷൻ, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവിൽ വാർഡുകൾ എന്നിവിടങ്ങളിൽ ബിജെപിയാണ് വിജയിച്ചത്. 49 അംഗങ്ങളുള്ള നഗരസഭയിൽ എൽഡിഎഫിന് 23 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. പാർട്ടിക്ക് 21 സീറ്റായി കുറഞ്ഞു.

തൃപ്പൂണിത്തുറ നഗരസഭയിൽ സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടതോടെ എൽഡിഎഫിനു കേവല ഭൂരിപക്ഷം നഷ്ടമായി. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ, നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. അത്താണി ടൗണിൽ വിജയിച്ചതോടെ നെടുമ്പാശേരി പഞ്ചായത്തിലെ ഭരണം യുഡിഎഫ് നിലനിർത്തി. കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡ് യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു.

കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത് 62–ാം ഡിവിഷനിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പത്മജ എസ്.മേനോൻ ജയിച്ചു. യുഡിഎഫിന്റെ അനിത വാരിയരെ 75 വോട്ടിനു തോൽപ്പിച്ചാണു ബിജെപി തുടർ വിജയം നേടിയത്. സിപിഐയുടെ സ്വതന്ത്ര സ്ഥാനാർഥി അശ്വതി സത്യന് 328 വോട്ട് നേടി മൂന്നാമതായി.

തൃപ്പൂണിത്തുറ നഗരസഭയിലേയ്ക്ക് ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ ജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണു ബിജെപി പിടിച്ചെടുത്തത്. 11-ാം വാർഡിൽ വള്ളി രവി, 46-ാം വാർഡിൽ രതി രാജു എന്നിവരാണ് ജയിച്ചത്. എൽഡിഎഫ്: 23, ബിജെപി: 17, യുഡിഎഫ്: 8, സ്വതന്ത്രൻ: 1 എന്നിങ്ങനെയാണ് ഇവിടെ കക്ഷിനില.

നെടുമ്പാശേരി 17–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോബി നെൽക്കര 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന കോൺഗ്രസിന് ഭരണം ഉറപ്പിക്കാനായി.
വാരപ്പെട്ടി പഞ്ചായത്ത്‌ ആറാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ കെ.കെ.ഹുസൈൻ 25 വോട്ടിന് ജയിച്ചു.

കണ്ണൂർ ജില്ലയിൽ 5 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ സീറ്റ് നിലനിർത്തി. കണ്ണൂർ കോർപറേഷൻ കക്കാട് വാർഡ് യുഡിഎഫ് നിലനിർത്തി. മങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡ് ബിജെപി നിലനിർത്തി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർ‍ഡുകൾ സിപിഎം നിലനിർത്തി.

പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി പഞ്ചായത്ത് ഈട്ടിച്ചുവട് 5–ാം വാർ‌ഡിൽ എൽഡിഎഫിന് വിജയം. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കൈവശമിരുന്ന വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്വതന്ത്ര കുഞ്ഞുമറിയാമ്മ 179 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ ഇതോടെ എൽഡിഎഫിന് മേൽക്കൈ നേടാനായി. എൽഡിഎഫ് 7, യുഡിഎഫ് 5, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില.

കോന്നി 18–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ അർച്ചന ബാലൻ 133 വോട്ടിനു ജയിച്ചു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. റാന്നി കൊറ്റനാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കു തുല്യം വോട്ടുകളായതിനെ തുടർന്നു നടത്തിയ നറുക്കെടുപ്പിൽ എൽഡിഎഫിലെ റോബി ഏബ്രഹാം വിജയിച്ചു.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയിലെ സുരേഷ് ആർ.നായർ 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ബിജെപിക്ക് 307 വോട്ടും എൽഡിഎഫ് സ്വതന്ത്രൻ കെ.മഹാദേവന് 224 വോട്ടും ലഭിച്ചു.

തൃശൂർ ജില്ലയിൽ ആറ് സീറ്റുകളിൽ ‍നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്ന് ഒരു സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. തൃക്കൂർ ആലേങ്ങാട് ഒൻപതാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ലിന്റോ തോമസ് 285 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സീറ്റ് പിടിച്ചത്. മറ്റ് അഞ്ചിടത്തും മുന്നണികൾ സീറ്റ് നിലനിർത്തി.

വടക്കാഞ്ചേരി നഗരസഭ ഒന്നാംകല്ല് വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. മല്ലിക സുരേഷ് 27 വോട്ടിനു വിജയിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനിലും മുരിയാട് 13–ാം വാർഡിലും എൽഡിഎഫ് സീറ്റുകൾ നിലനിർത്തി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി.

ഇടുക്കി ജില്ലയിലെ 3 പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 2 വാർഡിൽ എൽഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിൽ യുഡിഎഫിൽനിന്ന് ഒരു സീറ്റ് പിടിച്ചെടുത്ത എൽഡിഎഫ്, അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സിറ്റിങ് സീറ്റ് നിലനിർത്തി. ഇടമലക്കുടിയിൽ ബിജെപി സീറ്റ് നിലനിർത്തി.

പാലക്കാട് ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന പല്ലശന കൂടല്ലൂർ വാർഡിൽ സിപിഎമ്മിലെ എ.മണികണ്ഠൻ 65 വേ‍ാട്ടിന്റെയും, ചെർപ്പുളശേരി നഗരസഭ കേ‍ാട്ടക്കുന്ന് വാർഡിൽ എൽഡിഎഫിലെ ബിജീഷ് കണ്ണൻ 419 വേ‍ാട്ടിന്റെയും ഭൂരിപക്ഷത്തിൽ ജയിച്ചു.

ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം.വി.സുനിൽകുമാർ 134 വോട്ടിന് ജയിച്ചു. കോൺഗ്രസ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കോഴിക്കോട് ജില്ലയിൽ കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി കെ.സി.സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.

Back to top button
error: