പാലക്കാട്: സിനിമാ ചിത്രീകരണങ്ങളുടെ ഈറ്റില്ലമായ ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന് പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയോടെയാണ് വരിക്കാശ്ശേരി മനയിൽ ഈ ദാരുണ സംഭവമുണ്ടായത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന് എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പത്മനാഭന് എന്ന ആന.