തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്സോ കേസ് (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസ്) അന്വേഷണത്തിനു പ്രത്യേക സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച വിശദ ശുപാർശ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് സർക്കാരിനു നൽകി. പോക്സോ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. സിറ്റിയും റൂറലുമായി 20 പൊലീസ് ജില്ലകളാണു സംസ്ഥാനത്തുള്ളത്. എല്ലായിടത്തും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 19 വീതം ഉദ്യോഗസ്ഥരുടെ സംഘമാണു രൂപീകരിക്കുന്നത്.
വലിയ ജോലിയില്ലാത്ത, കേസുകൾ കുറവുള്ള 60 പൊലീസ് സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ഇൻസ്പെക്ടർമാരെ പിൻവലിച്ച് എസ്ഐമാരെ നിയമിക്കും. ഇവരെ പോക്സോ സംഘങ്ങളിൽ ഉൾപ്പെടുത്തും. പോക്സോ സംഘങ്ങൾ രൂപീകരിക്കാൻ 2020ൽ വിവിധ റാങ്കിൽ 1363 തസ്തിക സൃഷ്ടിക്കാൻ അന്നത്തെ ഡിജിപി ശുപാർശ നൽകിയിരുന്നു. ഇതു കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്നതിനാൽ എണ്ണം കുറയ്ക്കാൻ സർക്കാർ നിർദേശിച്ചു.
തുടർന്ന് 478 തസ്തിക സൃഷ്ടിക്കാനുള്ള ശുപാർശ കഴിഞ്ഞ നവംബറിൽ നൽകി. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. ആവശ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പോക്സോ കേസ് അന്വേഷണം സമയത്തു പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും സുപ്രീം കോടതി മാർഗനിർദേശം പാലിക്കാൻ കഴിയുന്നില്ലെന്നും ഡിജിപി യോഗത്തിൽ വ്യക്തമാക്കി. തുടർന്ന് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനം, നിയമം, സാമൂഹ്യ നീതി എന്നിവയുടെ സെക്രട്ടറിമാർ, ഡിജിപി എന്നിവരങ്ങിയ ഉന്നതതല സമിതിയെ നിയോഗിച്ചു ശുപാർശ പഠിച്ചു റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു.
പുതിയ തസ്തിക സൃഷ്ടിക്കൽ പരമാവധി കുറച്ചുള്ള ശുപാർശ നൽകാൻ സമിതി ഡിജിപിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇപ്പോൾ ഒരു ഡിവൈഎസ്പി, 3 ഇൻസ്പെക്ടർമാർ, 2 എസ്ഐ, 2 എഎസ്ഐ, 11 പൊലീസുകാർ എന്നിങ്ങനെ 19 പേർ വീതമുള്ള സംഘം എല്ലാ പൊലീസ് ജില്ലയിലും രൂപീകരിക്കാൻ തീരുമാനിച്ചത്.
ആകെ 20 പൊലീസ് ജില്ലകളിലേക്ക് 380 ഉദ്യോഗസ്ഥർ. നിലവിലെ 16 നർകോട്ടിക്സ് ജില്ലാ ഡിവൈഎസ്പിമാരുടെ തസ്തിക നർകോട്ടിക്സ്–ലിംഗനീതി എന്നായി മാറ്റും. 4 ഡിവൈഎസ്പി തസ്തിക പുതിയതായി സൃഷ്ടിക്കും. കേസുകളുടെ എണ്ണത്തിൽ കുറവുള്ള സ്റ്റേഷനുകളിലെ 60 ഇൻസ്പെക്ടർമാരെ മാറ്റി ഇതിലേക്കു നിയമിക്കും. എസ്ഐമാരടക്കം 300 തസ്തിക പുതിയതായി സൃഷ്ടിക്കണം. ഇതിനായി വർഷം 16.80 കോടി രൂപയുടെ ബാധ്യത മാത്രമേ സർക്കാരിന് ഉണ്ടാകൂവെന്നും ഡിജിപി അറിയിച്ചു.
അന്വേഷണത്തിൽ 953 പോക്സോ കേസുകൾ
സംസ്ഥാനത്തു നിലവിൽ 953 പോക്സോ കേസുകളാണ് അന്വേഷണത്തിലിരിക്കുന്നത്. പാലക്കാടാണ് കൂടുതൽ –107. തിരുവനന്തപുരം സിറ്റി–75, റൂറൽ–86,കൊല്ലം സിറ്റി–19, റൂറൽ–68, പത്തനംത്തിട്ട–53, ആലപ്പുഴ–50, കോട്ടയം–27,ഇടുക്കി–43, എറണാകുളം സിറ്റി–28, റൂറൽ–43,തൃശൂർ സിറ്റി–20, റൂറൽ–42, മലപ്പുറം–83,കോഴിക്കോട് സിറ്റി–92, റൂറൽ–34, വയനാട്–18, കണ്ണൂർ സിറ്റി–4, റൂറൽ–9, കാസർകോട് –40. ഇതിനു പുറമേ 12 കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലുമാണ്.