NEWS

മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ചക്കേസ്;ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അടക്കം പ്രതിക്കൂട്ടിൽ; കേസ് ക്രൈംബ്രാഞ്ചിന്

ആലപ്പുഴ: പാണ്ടനാട് മുതവഴി ശ്രീകുമാര മംഗലം സുബ്രഹ്‌മണ്യക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ചാക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെ അടക്കം പ്രതിക്കൂട്ടിലാക്കുന്നതാണ് മുതവഴി താഴികക്കുടം കവര്‍ച്ചക്കേസ്.
കേസിലെ പ്രതികളായ എസ്. ശരത്കുമാര്‍, പി. ഗീതാനന്ദന്‍, പി ടി ലിജു, കെ ടി സജീഷ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.ബിജെപി തിരുവന്‍വണ്ടുര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൂടിയാണ് പരാതിക്കാരില്‍ ഒരാളായ ലിജു.
മുതവഴിയിലെ താഴികക്കുടത്തിന്റെ മകുടം കവര്‍ച്ച ചെയ്തത് 2011 ഒക്ടോബര്‍ 19 ന് രാത്രിയിലാണ്. മൂന്നാം ദിവസം മകുടം ഉപേക്ഷിച്ച നിലയില്‍ സമീപത്തെ വീടിന് അടുത്തു നിന്നും കണ്ടെത്തി. ക്ഷേത്രഭരണ സമിതി തിരികെ വാങ്ങിയ താഴികക്കുടം പിന്നീട് പുനഃപ്രതിഷ്ഠിച്ചു. 2016 സെപ്റ്റംബര്‍ 29 ന് വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടു പോകാന്‍ കഴിഞ്ഞില്ല.മൂന്നാമത്തെ ശ്രമത്തിലാണ് താഴികക്കുടം മോഷണം പോയത്.40 വര്‍ഷമായി ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവരാണ് ക്ഷേത്രഭരണം നടത്തുന്നത്. ഭരണ സമിതിയുടെ പ്രസിഡന്റായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍.
പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് മുതവഴി ക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ള താഴിക കുടത്തില്‍ അപൂര്‍വ ലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തിയെന്ന ച്രപാരണ മുണ്ടായതോടെയാണ് ക്ഷേത്രവും താഴികക്കുടവും ശ്രദ്ധാകേന്ദ്രമായത്. മോഷണക്കേസില്‍ പത്തോളം പ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ ചിലര്‍ പിന്നീട് വാഹനാപകടത്തില്‍ അടക്കം മരണപ്പെട്ടു. ഇപ്പോഴത്തെ പരാതിക്കാരില്‍ ഒരാളും കേസിലെ പ്രതിയുമായ എസ്. ശരത്കുമാര്‍ ക്ഷേത്രഉരാണ്മ അവകാശമുള്ള കുടുംബാംഗമാണ്. തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ശരത്തിന്റെ പരാതി.
ക്ഷേത്രത്തില്‍ ഇറിഡിയം സാന്നിധ്യമുണ്ടെന്ന വാര്‍ത്ത പരന്നതോടെ പത്തംഗ സംഘത്തിന്റെ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മോഷണം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ഇവരെയെല്ലാം മാറ്റി. ഇത് മോഷ്ടാക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണെന്ന് ശരത് പറയുന്നു. ക്ഷേത്രഭരണ സമിതി അംഗങ്ങള്‍ക്കെതിരേ ചെങ്ങന്നൂര്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്ത വൈരാഗ്യത്തിലാണ് തന്നെ അഞ്ചാം പ്രതിയാക്കിയത് എന്നാണ് ശരത്തിന്റെ പരാതി.

Back to top button
error: