KeralaNEWS

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത; അതീവ ജാഗ്രത വേണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന്‍ ചേർന്ന ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

‘‘ഇനിയുള്ള 4 മാസം വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാന്‍ ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിക്കും. പേശിവേദന, മുതുകു വേദന എന്നിവയുണ്ടെങ്കില്‍പ്പോലും ചിലപ്പോള്‍ ഈ രോഗങ്ങളാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വയം ചികിത്സ പാടില്ല’ – മന്ത്രി പറഞ്ഞു.

Signature-ad

‘‘വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകള്‍ക്ക് ഉള്ളിലും കൊതുവിന്റെ ഉറവിടങ്ങളുണ്ടായിരുന്നു. ഫ്രിജിനു പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്ലവര്‍ വേസുകള്‍ എന്നിവയില്‍ കൊതുക് വളരാതെ ശ്രദ്ധിക്കണം. ഇവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റണം. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം.’ – മന്ത്രി പറഞ്ഞു.

ജില്ലാ ഓഫീസര്‍മാര്‍ ഫീല്‍ഡ് തല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. ഞായറാഴ്ച 321 കേസുകളും ശനിയാഴ്ച 428 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും. പരാതികള്‍ ചിത്രങ്ങള്‍ സഹിതം അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ സൗകര്യമൊരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Back to top button
error: