KeralaNEWS

‘കുന്നംകുളം മാപ്പു’ ചോദിച്ചവർ കണ്ടം വഴി ഓടി: ശ്രീനിജനെ പരിഹസിച്ച് സാബു

കൊച്ചി: തൃക്കാക്കരയുടെ മാപ്പു കൊടുക്കാമെന്നു പറഞ്ഞതോടെ ‘കുന്നംകുളം മാപ്പുണ്ടോ’ എന്നു ചോദിച്ചവർ കണ്ടം വഴി ഓടിയെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം.ജേക്കബ്. ട്വന്റി20യുടെ പിന്തുണ ചോദിക്കുന്നതിനു മുൻപ് ട്വന്റി20 പ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ എംഎൽഎ മാപ്പു പറയണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടതിനെ പരിഹസിച്ചാണ് രാവിലെ പി.വി. ശ്രീനിജിൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ‘ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ.. ഒരാൾക്കു കൊടുക്കാനാണ്..’ എന്നായിരുന്നു പോസ്റ്റ്. ഉച്ചയോടെ പോസ്റ്റ് ഫെയ്സ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി.

ഇന്നലെ കിഴക്കമ്പലത്തു സംഘടിപ്പിച്ച ജനസംഗമത്തിനുണ്ടായ ജനപിന്തുണ കണ്ടതോടെയാണ് ഇരു മുന്നണികളും ട്വന്റി20 – എഎപി പിന്തുണ തേടി രംഗത്തെത്തിയത്. രാവിലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജാണ് ട്വന്റി20യുടെ പിന്തുണ ആദ്യം അഭ്യർഥിച്ചത്. രണ്ടു പാർട്ടികളും മുന്നോട്ടുവച്ച ആശയങ്ങളുമായി ചേർന്നു പോകുന്നത് ഇടതു പക്ഷമാണെന്നും അവർക്ക് ആശയപരമായി പിന്തുണയ്ക്കാനാവുക ഇടതു പക്ഷത്തെയാണെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ തൃക്കാക്കരയിൽ യുഡിഎഫും ട്വന്റി20യുടെ വോട്ടു വേണമെന്ന് പരസ്യമായി പറഞ്ഞു. എം.സ്വരാജ് ട്വന്റി20യുടെ പിന്തുണ തേടിയതിനു പിന്നാലെയാണ് വോട്ടു ചോദിക്കുന്നതിനു മുൻപ് ശ്രീനിജിൻ മാപ്പുപറയണമെന്ന ആവശ്യം സാബു ജേക്കബ് മുന്നോട്ടു വച്ചത്.

Signature-ad

‘‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽനിന്നു വ്യത്യസ്തമായ സാഹചര്യമാണ് ഇന്നു തൃക്കാക്കരയിലുള്ളത്. പാർട്ടി സ്ഥാനാർഥിയെ നിർത്തിയാൽ ജയിക്കാവുന്ന സാഹചര്യം തൃക്കാക്കരയിൽ ഉണ്ടായിരുന്നു. എഎപി പിന്തുണ കൂടി ലഭിച്ചതോടെ പാർട്ടി നടത്തിയ അഭിപ്രായ സർവേയിൽ വിജയം ഉറപ്പിക്കാമെന്നാണ് വ്യക്തമായത്. എന്നാൽ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതാണ് മൽസരത്തിൽനിന്നു പിന്നാക്കം പോകാൻ കാരണമായത്.’

‘‘തൃക്കാക്കരയിൽ ട്വന്റി20 വോട്ടുകൾ നിർണായകമാണ് എന്നതിൽ സംശയമില്ല. സ്ഥാനാർഥികളെ നിർത്താതിരുന്നപ്പോൾ ഭയന്ന് ഓടുകയാണ് എന്നാണ് പറഞ്ഞത്. അത്തരം മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. തിരഞ്ഞെടുപ്പു വരുമ്പോൾ സാമാന്യ ബോധമുള്ള ആരും പറയാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. മുന്നണിക്ക് അണികളെ നിലയ്ക്കു നിർത്താൻ സാധിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ആദ്യം ഇങ്ങനെ ഉള്ളവരെ നിലയ്ക്കു നിർത്തണം’ – സാബു ജേക്കബ് പറഞ്ഞു.

‘‘ഇന്നത്തെ സാഹചര്യത്തിൽ തുടര്‍ഭരണം വന്നിട്ട് ഒരു വർഷമാകുകയാണ്. അതുകൊണ്ടു തന്നെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഇടതു മുന്നണിയെ അധികാരത്തിലേറ്റിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ സിൽവർലൈൻ ഉള്‍പ്പടെ വിലയിരുത്തപ്പെടും. അക്രമ രാഷ്ട്രീയത്തിനു മാറ്റമുണ്ടാകണം. കേരളത്തിൽ ഏറ്റവുമധികം തൊഴിൽ നൽകുന്ന ഒരു സ്ഥാപനത്തിൽ ഒറ്റ മാസത്തിനുള്ളിൽ 12 തവണ റെയ്ഡ് നടന്നു. ഒന്നും കണ്ടുപിടിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അക്കാര്യം പൊതുജനങ്ങളോട് തുറന്നു പറയുകയും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയുമാണ് വേണ്ടത്’ – സാബു ചൂണ്ടിക്കാട്ടി.

‘‘റെയ്ഡുകള്‍ക്കു നേതൃത്വം നൽകിയ എംഎൽഎ ഉൾപ്പടെയുള്ളവർ പരസ്യമായി മാപ്പു പറയട്ടെ. റെയ്ഡുകൾ തെറ്റായിരുന്നുവെന്ന് തുറന്നു സമ്മതിക്കാൻ അവർ ബാധ്യസ്ഥരാണ്. ഭയംകൊണ്ട് ആളെ നിർത്തിയില്ല എന്നു പറഞ്ഞ എംഎൽഎ ഉൾപ്പടെ ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. അല്ലാതെ വോട്ടു മാത്രം വേണമെന്നു പറയുന്നതില്‍ കാര്യമില്ല. തൃക്കാക്കര തിരഞ്ഞെടുപ്പിൽ മുന്നണിയുടെ നിലപാട് എന്താണെന്ന് രണ്ടു ദിവസത്തിനകം വ്യക്തമാക്കും’ – സാബു ജേക്കബ് പറഞ്ഞു.

Back to top button
error: