മകൻ ഉപേക്ഷിച്ച അമ്മയുടെ സംരക്ഷണം ഏറ്റെടുത്ത് രണ്ടര വർഷത്തോളം ആരുമറിയാതെ സ്വന്തം ഉമ്മയെ പോലെ ആ അമ്മയെ പരിപാലിച്ച് പോന്ന
മുഹമ്മദ് ഉനൈസ് എന്ന ചെറുപ്പക്കാരൻ മനുഷ്യത്വത്തിന്റെയും മാതൃസംരക്ഷണത്തിന്റെയും മഹത്തായ മാതൃകയാകുന്നു.
യാദൃച്ഛികമായിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ഉനൈസ് വളരെ അവശനിലയിൽ ആ അമ്മയെ കാണുന്നത്.ക്യാൻസർ ബാധിതയായ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ ചികിത്സക്കായി ആർസിസിയിൽ എത്തിയതായിരുന്നു ഉനൈസ്.വെള്ളവും ഭക്ഷണവും വാങ്ങി കൊടുത്തതിന് ശേഷം ആ അമ്മയോട് ഉനൈസ് കാര്യങ്ങൾ തിരക്കിയപ്പോൾ തന്റെ മകൻ തന്നെ ഇവിടെ ഉപേക്ഷിച്ചു പോയതാണെന്ന വളരെ വേദനിപ്പിക്കുന്ന കാര്യമാണ് അറിയാൻ കഴിഞ്ഞത്.
തുടർന്ന് ഉനൈസ് തനിക്ക് പരിചയമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തെ സമീപിച്ചു. തിരുവനന്തപുരം ആർസിസിയിൽ ക്യാൻസർ ബാധിതയായ തങ്ങളുടെ മകളുടെ പരിപാലനത്തിനായി ഒരു ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു ആ കുടുംബം.ആ അമ്മയെ കൂടെ അവരോടൊപ്പം താമസിപ്പിക്കാമോയെന്ന ഉനൈസിന്റെ ആവശ്യ പ്രകാരം വളരെ ബുദ്ധിമുട്ടുകൾക്കിടയിലും അവരതിന് തയ്യാറായി. മാസത്തിൽ രണ്ടു മൂന്നു പ്രാവശ്യം ഉനൈസ് ആ കുടുംബത്തെ പോയി കാണുകയും അമ്മയുടെ ചികിത്സക്കും മറ്റ് ചിലവിനുമുള്ള പണം അവരെ ഏല്പിച്ചു പോരുകയും ചെയ്തിരുന്നു.
ഏകദേശം രണ്ടര വർഷത്തോളം സ്വന്തം വീട്ടുകാരോ നാട്ടുകാരോ പോലുമറിയാതെ ഉനൈസ് ആ അമ്മയുടെ സംരക്ഷണം നിർവ്വഹിച്ചു പോന്നു. അമ്മയിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഉപേക്ഷിച്ച് പോയ ആ മകനെ ഉനൈസ് കണ്ടെത്തി. സംസാരത്തിനൊടുവിൽ അമ്മയെ സ്വീകരക്കാൻ അയാൾ തയ്യാറായി. കഴിഞ്ഞ വെള്ളിയാഴ്ച മകനോടൊപ്പം ആ അമ്മയെ ഉനൈസ് യാത്രയാക്കുകയും ചെയ്തു.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ മുഹമ്മദ് ഉനൈസ് എന്ന ഈ യുവാവിന്റെ കാരുണ്യത്തെ എത്ര പ്രശംസിച്ചാലാണ് മതിയാവുക… !!