CrimeNEWS

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്‍തു.

തീവ്രവാദ സംഘടനയില്‍ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടില്‍ ആയുധങ്ങളും സ്‍ഫോടക വസ്‍തുക്കളും സൂക്ഷിച്ചതിനുമാണ് വധശിക്ഷയ്‍ക്ക് വിധേയനായ രണ്ട് സൗദി പൗരന്മാരിലൊരാള്‍ നേരത്തെ അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കൂടി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് രണ്ടാമത്തെ സൗദി പൗരന്‍ പിടിയിലായത്. ഇയാള്‍ സൗദി സുരക്ഷാ സേനയിലെ ഒരു അംഗത്തെ കൊലപ്പെടുത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്‍തിരുന്നു.

Signature-ad

ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമത സംഘത്തില്‍ അംഗമായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട യെമന്‍ സ്വദേശി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഇയാള്‍ ഹൂതികള്‍ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും രാജ്യത്തെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഹൂതികള്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്‍തു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ് രാജ്യത്തെ ഒരു കേന്ദ്രത്തിന് നേരെ ഹൂതികളുടെ ആക്രമണമുണ്ടായതെന്നും കണ്ടെത്തിയിരുന്നു.

മൂവരുടെയും കേസുകളില്‍ രാജ്യത്തെ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിമനല്‍ കോടതി വധശിക്ഷ വിധിച്ചു. ഈ ശിക്ഷാ വിധി പിന്നീട് അപ്പീല്‍ കോടതിയും രാജ്യത്തെ സുപ്രീം കോടതിയും ശരിവെച്ച ശേഷമാണ് ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്.

Back to top button
error: