NEWS

മഴ തുടങ്ങി;കുരുമ്പൻമൂഴി ഒറ്റപ്പെടുന്നു

റാന്നി: പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി പമ്പാനദിയിൽ നിർമിച്ച തടയണ കുരുമ്പൻമൂഴി, മണക്കയം വനമേഖലകളിൽ താമസിക്കുന്നവർക്ക് ഇരുട്ടടിയാകുന്നു.കോ‌സ്‌വേയിൽ‌ തുടരെ വെള്ളം കയറുന്നതിനാൽ വർഷത്തിൽ പാതി ദിവസങ്ങളിലും ഒറ്റപ്പെടുന്ന സ്ഥിതിയാണ് കുരുമ്പൻമൂഴി,മണക്കയം പ്രദേശങ്ങളിലേത്.ഇന്നലെയും കോസ്‌വേയിൽ വെള്ളം കയറി. 3 വശങ്ങൾ വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട പ്രദേശങ്ങളാണ് കുരുമ്പൻമൂഴിയും മണക്കയവും.
ജലവൈദ്യുതി പദ്ധതിക്ക് കോസ്‌വേയ്ക്കു താഴെ തടയണ നിർമിച്ചതിനു പിന്നാലെ കോസ്‌വേ മുങ്ങുന്നതു പതിവു കാഴ്ചയാണ്.അതും ദിവസങ്ങളോളം മുങ്ങിക്കിടക്കുന്നു. മഹാപ്രളയത്തിൽ ഒഴുകിയെത്തിയ ചെളിയും മണലും വൻതോതിൽ കോസ്‌വേയ്ക്കും തടയണയ്ക്കും മധ്യേ ആറ്റിൽ അടിഞ്ഞിട്ടുണ്ട്. ഇതുമൂലം ചെറിയ മഴ പെയ്താൽ പോലും ആറ്റിൽ ജല നിരപ്പ് ഉയർന്ന് കോസ്‌വേ മുങ്ങും.
നദിയില്‍ ജലനിരപ്പ് ഉയരുന്നതോടെ ഇരു കരകളും തമ്മില്‍ ബന്ധപ്പെടാന്‍ കഴിയാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോവുകയാണ് ചെയ്യുന്നത്. ചില സമയങ്ങളില്‍ മറുകരയിലേക്ക് ജോലിക്ക് പോയാല്‍ തിരിച്ച് വരാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്.കുരുമ്പൻമൂഴി, മണക്കയം,അരയാഞ്ഞിലിമൺ എന്നീ മൂന്ന് കോളനികളെ ബാധിക്കുന്ന വിധത്തിലാണ് ഈ പ്രശ്നം നിലനില്‍ക്കുന്നത്.പാലമല്ലാതെ മറ്റൊരു പോംവഴിയും ഇവിടില്ല.
 

കുരുമ്പൻമൂഴി മേഖലയിലെ പ്രദേശവാസികൾക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാനുള്ള ഏക ആശ്രയമാണ് കുരുമ്പൻമൂഴി കോസ് വേ.നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ കുരുമ്പൻമൂഴിയിൽ അഞ്ഞൂറിൽ അധികം കുടുംബങ്ങളാണുള്ളത്.

Back to top button
error: