KeralaNEWS

ബുധൻ വരെ പെരുമഴ, സംസ്ഥാനം അതിജാഗ്രതയിൽ; 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

   മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. വിവിധ വകുപ്പ് മേധാവികളും പൊലീസ്, ഫയർഫോഴ്സ്, മേധാവിമാമർ കെഎസ്ഇബി ചെയർമാൻ, കാലാവസ്ഥാ–ദുരന്ത നിനവാരണ വിദഗ്ധർ വിവിധ ജില്ലാകളക്ടർമാർ തുടങ്ങിയവർ പങ്കെടുത്ത യോഗം പൊതുജനങ്ങൾക്കായി മാർഗ നിർദ്ദേശങ്ങൾ നൽകി. ശക്തമായ മഴെയ തുടർന്നുള്ള ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന തയ്യാറെടുക്കുകയാണ്. പൊലീസിനും ഫയർഫോഴ്സിനും ആവശ്യമായ നി‍ർദ്ദേശം നൽകി. ആവശ്യമെങ്കിൽ സിവിൽ ഡിഫൻസ് ഓഫീസർമാരെ വിന്യസിക്കാനും നി‍ർദ്ദേശം നൽകി.

    അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ ജാഗ്രതാ നിർദേശം. കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാനും നിർദേശം

    കാലവർഷത്തിനു മുന്നോടിയായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനം അതിജാഗ്രതയിൽ. 18 ബുധനാഴ്ച വരെ കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ശക്തമായ കാറ്റിനും ഉയർന്ന വേലിയേറ്റത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം വിലക്കി.

ഞായറാഴ്ച ആറു ജില്ലകളിലും തിങ്കളാഴ്ച ഏഴു ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്ന അഞ്ച് ജില്ലകൾ മഞ്ഞജാഗ്രതയിലാണ്. മലയോര മേഖലയിൽ ചുവപ്പ് ജാഗ്രതയ്ക്കു സമാനമായ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ ശക്തി കൂടി. അറബിക്കടലിൽനിന്ന് ലക്ഷദ്വീപ് കടന്നുവരുന്ന ശക്തമായ കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷച്ചുഴിയുമാണ് കേരളത്തിലെ അതിശക്ത മഴയ്ക്കു കാരണം. എടവപ്പാതി 27-ന് സംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം.

ഇന്ന് ഓറഞ്ച് ജാഗ്രത

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

മഞ്ഞജാഗ്രത

തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

നാളെ ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

മഞ്ഞജാഗ്രത

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡി.ജി.പി അനിൽകാന്തിന്റെ ജാഗ്രതാനിർദ്ദേശം. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാൻ നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ കളക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെ.സി.ബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കി വെയ്ക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകി. തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും. മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യഘട്ടങ്ങളിൽ പൊലീസിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസംവിനാ ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താവിനിമയബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ്.പി നടപടിയെടുക്കും. പൊലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡൽ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയൻ വിഭാഗം എ.ഡി.ജി.പി കെ പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെയെയും നിയോഗിച്ചിട്ടുണ്ട്.

രാപ്പകൽ ഭേദമന്യേ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും തുറക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തിലും പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കും. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകി.

Back to top button
error: