നാലാം പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം 16 ശതമാനം വര്‍ധിച്ച് 610 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ നികുതിക്ക് ശേഷമുള്ള അറ്റാദായം 526 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ കാര്യത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 2,940 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇത് 3,193 കോടി രൂപയായി ഉയര്‍ന്നു.
2020-21 സാമ്പത്തിക വര്‍ഷത്തിലെ 1,347 കോടി രൂപയില്‍ നിന്ന് 2022 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനി 1,677 കോടി രൂപ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 8,720 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 10,298 കോടി രൂപയായി ഉയര്‍ന്നു. അതേസമയം 2021-22 വര്‍ഷത്തേക്ക് 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 21 രൂപ ലാഭവിഹിതം ബോര്‍ഡ് അംഗീകരിച്ചതായി കമ്പനി അറിയിച്ചു.
കമ്പനിയുടെ ഇരുചക്രവാഹന വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് നാലാം പാദത്തില്‍ 1,82,125 മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 2,03,343 മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2021-22 കാലയളവില്‍, റോയല്‍ എന്‍ഫീല്‍ഡ് 5,95,474 മോട്ടോര്‍സൈക്കിള്‍ വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. വോള്‍വോ ഗ്രൂപ്പുമായുള്ള കമ്പനിയുടെ സംയുക്ത സംരംഭമായ വിഇസിവി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 12,724 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8,676 കോടി രൂപയായിരുന്നു.
ബിസിനസ്സില്‍ തങ്ങള്‍ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയതിനാല്‍, കഴിഞ്ഞ വര്‍ഷം ഐഷര്‍ മോട്ടോഴ്‌സിന് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് ഐഷര്‍ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി, വിദേശ സാന്നിധ്യവും ബിസിനസും സുസ്ഥിരമായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ലോകത്തിലെ ഏറ്റവും കഠിനമായ മോട്ടോര്‍സൈക്കിള്‍ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്ലോബല്‍ പ്ലെയര്‍ ആകുന്നതിനുള്ള കമ്പനി ശ്രമങ്ങള്‍ തങ്ങള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.