NEWSWorld

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ ഇടിവ്; 1.774 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ 1.774 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മെയ് 6 വരെയുള്ള കണക്ക് പ്രകാരം 595.954 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള വിദേശ നാണ്യ ശേഖരമാണ് ഇപ്പോഴുള്ളത്. ഇതിന് മുന്‍പുള്ള ആഴ്ച്ചകളില്‍ ആകെ ശേഖരം 2.695 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 597.728 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്നും പണം പിന്‍വലിക്കുന്ന പ്രവണത വര്‍ധിക്കുന്നതിനാല്‍ രൂപ ഒട്ടേറെ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ആറ് മാസക്കാലയളവിനിടയില്‍ രാജ്യത്തെ വിദേശ നാണ്യ വിനിമയത്തില്‍ 28.05 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടിവാണുണ്ടായത്.

റിസര്‍വ് ബാങ്കിന്റെ പ്രതിവാര ഡാറ്റ പ്രകാരം, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളിലും (എഫ്‌സിഎ), സ്വര്‍ണ്ണ കരുതല്‍ ശേഖരത്തിലും ഉണ്ടായ ഇടിവാണ് വിദേശ നാണ്യ ശേഖരത്തിലും പ്രതിഫലിച്ചത്. മെയ് ആറിന് അവസാനിച്ച ആഴ്ചയില്‍ എഫ്സിഎ 1.968 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 530.855 ബില്യണ്‍ ഡോളറായി. ഡോളറിന്റെ അടിസ്ഥാനത്തില്‍ സൂചിപ്പിക്കുമ്പോഴും, വിദേശ നാണയ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യു.എസ് ഇതര യൂണിറ്റുകളുടെ മൂല്യത്തകര്‍ച്ച മൂലമുള്ള പ്രതിഫലനവും വിദേശ നാണയ ആസ്തികളുടെ കണക്കുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

മെയ് ആറാം തീയതിയിലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് സ്വര്‍ണ്ണ ശേഖരം 135 മില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 41.739 ബില്യണ്‍ ഡോളറിലെത്തി. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള (ഐഎംഎഫ്) പ്രത്യേക ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 70 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.370 ബില്യണ്‍ ഡോളറായി. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നില (റിസര്‍വ് പൊസിഷന്‍) 11 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.99 ബില്യണ്‍ ഡോളറായെന്നും ആര്‍ബിഐ റിപ്പോര്‍ട്ട്.

Back to top button
error: