NEWS

35 മനുഷ്യ ജീവന്‍ കവര്‍ന്ന ചേപ്പാട് തീവണ്ടി ദുരന്തത്തിന് 26 വയസ്‌ 

ഹരിപ്പാട്: മുപ്പത്തി അഞ്ചോളം മനുഷ്യ ജീവനുകള്‍ തീവണ്ടിക്ക് മുന്നില്‍ പിടഞ്ഞു വീണ ചേപ്പാട് തീവണ്ടി അപകടം നടന്നിട്ട് 26 വര്‍ഷം തികഞ്ഞു. കല്യാണ വീട്ടിലെ സന്തോഷം തല്ലിക്കെടുത്തിയ ദുരന്തം നടന്നത് തീരദേശ പാതയിലെ ഏവൂര്‍ ലവല്‍ ക്രോസിലായിരുന്നു. 1996 മേയ് 14ഉച്ചയ്ക്ക് 1.20 ന് ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം.കായംകുളം ആലപ്പുഴ പുഷ്പുൾ ട്രയിന്‍ കല്യാണത്തിന് പോയിട്ടു വന്ന ടൂറിസ്റ്റ് ബസില്‍ ഇടിച്ചുകയറുകയായിരുന്നു.
ഏവൂര്‍ വടക്ക് ഇടയ്ക്കാട് തെക്കതില്‍ കൊച്ചുനാരായണന്റെ മകന്‍ സോമന്റെ വിവാഹത്തിന് കൊട്ടാരക്കരയ്ക്ക് പോയിട്ടു വന്ന ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തിനിരയായത്.രണ്ടു ടൂറിസ്റ്റ് ബസുകളും ഒരു മിനി ബസും ഏതാനും കാറുകളും കല്യാണ യാത്രയ്ക്കുണ്ടായിരുന്നു. അപകടത്തില്‍ പെട്ട ബസില്‍ 44 പേര്‍ ഉണ്ടായിരുന്നു.ഇതില്‍ 35 പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
 പത്തനംതിട്ട ഇടയാറന്മുള ടി.ടി.എം ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.ബസിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസിലേക്ക് ബസ് കയറിയതും കായംകുളം ഭാഗത്തുനിന്ന് തീവണ്ടി കടന്നുവന്നതും ഒരേസമയത്തായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങൾ തിരിച്ചറിയാന്‍കഴിയാത്ത സ്ഥിതിയിലായിരുന്നു.
2007ൽ മാവേലിക്കര വാഹനാപകട നഷ്‌ടപരിഹാര കോടതി ബസിന്റെ ഇൻഷുറൻസ് കമ്പനിയും റെയിൽവേയും തുല്യമായി മരിച്ചവരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് വിധിച്ചിരുന്നു.എന്നാൽ ആളില്ലാ ലെവൽ ക്രോസിലെ അപകടങ്ങൾക്ക് തങ്ങൾ ഉത്തരവാദിയല്ലെന്നാണ് റെയിൽവേ അറിയിച്ചത്.തുടർന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.ഹൈക്കോടതി ഡിവിഷൻ ബഞ്ച് നഷ്‌ടപരിഹാരത്തുക പുതുക്കി 2018 ജൂലൈയിൽ വിധി പറഞ്ഞു.വിധി പ്രകാരമുള്ള തുകയും പലിശയും ചേർത്ത് ഓരോ കേസിലും നൽകണമെന്ന് കോടതി എടുത്തു പറഞ്ഞു.

Back to top button
error: