പുനല്‍ എന്നാല്‍ തമിഴില്‍ വെള്ളമെന്നാണ് അര്‍ത്ഥം. ഊര് എന്നാല്‍ നാടെന്നും, ധാരളം വെള്ളമുള്ള സ്ഥലമെന്ന അര്‍ത്ഥത്തിലാണ് പുനലൂര്‍ എന്ന പേരുണ്ടായതെന്നാണ് പറയപ്പെടുന്നത്. കല്ലടയാറായിരിക്കണം ഈ പേരിന് പിന്നിലുള്ള കാരണം.പശ്ചിമഘട്ടത്തിന്റെ ഒരു കവാടമാണ് പുനലൂർ.പശ്ചിമഘട്ടത്തിന്റെ മടിത്തട്ടെന്നും മറ്റും ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നുണ്ട്.കല്ലടയാറും അതിന് കുറുകെയുള്ള തൂക്കുപാലവുമാണ് പുനലൂരിലെ മറ്റൊരാകര്‍ഷണം.
തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാതയും പുനലൂര്‍ വഴിയായിരുന്നു. കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള യാത്രാസൗകര്യമൊരുക്കിയത് നിര്‍ണായകമായ ഈ പാതയായിരുന്നു. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് കൊല്ലത്തുനിന്നും പുനലൂര്‍-ഇടമണ്‍-ഭഗവതിപുരം-ചെങ്കോട്ട വഴിയ്ക്ക് തിരുനെല്‍വേലിവരെ മീറ്റര്‍ ഗേജ് വീതിയില്‍ ഈ പാത നിര്‍മ്മിക്കപ്പെട്ടത്.
പ്ലൈവുഡ്, പൈനാപ്പിള്‍, കുരുമുളക്, മരഉരുപ്പടികള്‍ എന്നിവയ്‌ക്കെല്ലാം പ്രശസ്തമാണ് പുനലൂര്‍. 1888ല്‍ ബ്രിട്ടീഷുകാരനായ ഒരാളാണ് പുനലൂര്‍ പേപ്പര്‍ മില്‍ സ്ഥാപിച്ചത്, ഈ സ്ഥാപനമാണ് പുനലൂരിന്റെ തലവര മാറ്റിയതെന്ന് പറയാം. ഈ സ്ഥാപനം ഇപ്പോള്‍ ഡാല്‍മിയ ഗ്രൂപ്പിന്റെ കയ്യിലാണ്. ഇവിടെ ജനങ്ങള്‍ക്ക് സന്ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്.
ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ആല്‍ബെര്‍ട്ട് ഹെന്റി 1877ലാണ് കല്ലടയാറിന് കുറുകേ തൂക്കുപാലം പണിതത്. 2 തൂണുകളുള്ള പാലത്തിന്റെ പണി 6 വര്‍ഷമാണത്രേ നീണ്ടുനിന്നത്.മുൻപ് വാഹനഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പാലം ഇപ്പോള്‍ ഒരു ദേശീയ സ്മാരകമായി നിലനിര്‍ത്തിയിരിക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലയായ ആഗസ്തമലയും പുനലൂരിലാണ്.
കല്ലടയാറും തൂക്കുപാലവും ചേരുന്ന പരിസരം പ്രകൃതിരമണീയമാണ്. ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒട്ടേറെയൊളുകള്‍ എത്താറുണ്ട്. ശബരിമലയ്ക്കു പോകുന്ന ഭക്തന്മാരും ശ്രീ അയ്യപ്പ സ്റ്റോപ്പുമെല്ലാം ചേര്‍ന്ന് ഉത്സവകാലങ്ങളില്‍ ഈ സ്ഥലത്തെ തിരക്കേറിയതാക്കുന്നു.തെന്‍മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ ശെന്തരുണി വനവും പുനലൂരില്‍ നിന്നും വളരെ അടുത്താണ്.ഇവിടെ ഹൈക്കിങ്ങിനും മൗണ്ടൈന്‍ ബൈക്കിങ്ങിനും സൗകര്യമുണ്ട്.
മനോഹരമായ പാലരുവി വെള്ളച്ചാട്ടവും ഓള്‍ഡ് കുറ്റാലം വെള്ളച്ചാട്ടവും പുനലൂരിന് അടുത്താണ്.അച്ചൻകോവിലും ആര്യങ്കാവും ചെങ്കോട്ടയും തെങ്കാശിയുമെല്ലാം പോയിവരാവുന്ന ദൂരത്ത് തന്നെ.പട്ടാഴി ദേവി ക്ഷേത്രംപോലുള്ള ചില പഴക്കം ചെന്ന ക്ഷേത്രങ്ങളുമുണ്ട് പുനലൂരിലും പരിസരപ്രദേശങ്ങളിലും.അഞ്ചലോട്ടം എന്ന പേരിന് തന്നെ കാരണമായ അഞ്ചൽ പുനലൂരിന് 13 കി.മീ. തെ,ക്ക് സ്ഥിതിചെയ്യുന്നു.
സംസ്ഥാന ഹൈവേ 8-ലാണ് പുനലൂര്‍ സ്ഥിതിചെയ്യുന്നത്. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയെന്നും ഇതിന് പേരുണ്ട്, കേരളത്തിലെ ഏറ്റവും നീളംകൂടിയ ഹൈവേയാണിത്. കേളത്തിന്റെ ഏത് ഭാഗത്തുനിന്നും പുനലൂരിലെത്താന്‍ ബുദ്ധിമുട്ടില്ല. കൊല്ലം-തിരുമംഗലം റോഡ് എന്‍എച്ച് 208ലൂടെയും പുനലൂരിലെത്താം.68 കിലോമീറ്ററാണ് തിരുവനന്തപുരത്തു നിന്നുള്ള ദൂരം.