NEWS

മാര്‍ത്തോമ്മ സഭയില്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിച്ച്‌ സഭാധ്യക്ഷൻ

പത്തനംതിട്ട: സാമ്ബത്തിക ക്രമക്കേടുകളെ തുടര്‍ന്ന് മാര്‍ത്തോമ്മ സഭയില്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിച്ച്‌ സഭാധ്യക്ഷന്‍.ഡല്‍ഹി ഭദ്രാസനത്തിന്‍റെ ചുമതലയുള്ള ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസിനെയാണ് മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സഭയിലെ പ്രധാനപ്പെട്ട പല ശുശ്രൂഷകളില്‍ നിന്നും വിലക്കിയത്.
ഡല്‍ഹി ഭദ്രാസനാധിപനെതിരെയുള്ള വിലക്ക് പരസ്യപ്പെടുത്തി വിശ്വാസികള്‍ക്ക് വേണ്ടി മെത്രാപ്പൊലീത്താ പള്ളികളിലേക്ക് പ്രത്യേക കല്‍പ്പനയും അയച്ചു.2016 ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ത്തോമ്മ സഭയുടെ ഡല്‍ഹി ഭദ്രാസനത്തിന്‍റെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു ഡോ ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്.മാര്‍ സ്തേഫാനോസിന്‍റെ കാലയളവില്‍ ഡല്‍ഹി ദദ്രാസനത്തിലെ നടത്തിപ്പില്‍ പല ക്രമക്കേടുകളും നടന്നതായി മെത്രാപ്പൊലീത്ത നിയമിച്ച കമ്മിഷന്‍ കണ്ടെത്തി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും സാമ്ബത്തിക ഇടപാടുകളിലും മാര്‍ സ്തേഫാനോസ് പല തവണ വീഴ്ചകള്‍ വരുത്തിയെന്ന് സഭാ സിനഡിനും ബോധ്യമായി.വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് പല തവണ നല്‍കിയിട്ടും നിലപാടില്‍ മാറ്റമില്ലാതെ മാര്‍ സ്തേഫാനോസ് മുന്നോട്ട് പോയെന്നും മെത്രാപ്പൊലീത്തയുടെ കല്‍പ്പനയില്‍ വ്യക്തമാക്കുന്നു.

മാര്‍ത്തോമ്മ സഭയില്‍ ബിഷപ്പുമാര്‍ക്ക് തീരുമാനം എടുക്കണമെങ്കില്‍ അതിന് ഭദ്രാസന കൗണ്‍സിലിന്‍റെ അനുമതി കൂടി വേണം.വിശ്വാസികളും വൈദികരും ഉള്‍പ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് ഭദ്രാസന കൗണ്‍സില്‍. കൗണ്‍സിലിനോട് കൂടി ആലോചിച്ചു വേണം പ്രധാനപ്പെട്ട സാമ്ബത്തിക തീരുമാനങ്ങള്‍ ഭദ്രാസനത്തിലെ ബിഷപ്പ് സ്വീകരിക്കേണ്ടതെന്നാണ് ചട്ടം.എന്നാല്‍ ഇവരുടെ എതിര്‍പ്പ് അവഗണിച്ചാണ് മാര്‍ സ്തേഫാനോസ് പല തീരുമാനങ്ങളും സ്വീകരിച്ചത്.ഏകാധിപത്യപരമായ പെരുമാറ്റം ബിഷപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും കല്‍പ്പനയില്‍ പറയുന്നു.

 

നടപടികളുടെ ഭാഗമായി മാര്‍ സ്തേഫാനോസിനെ ഡല്‍ഹിയിലെ ഭദ്രാസനത്തിന്‍റെ ചുമതലകളില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റി.സഭാധ്യക്ഷന്‍ നേരിട്ട് ഭരണം നടത്തുന്ന നിരണം-മാരാമണ്‍ ഭദ്രാസനത്തിന്‍റെ സഹായ എപ്പിസ്കോപ്പയായി നിയമിച്ചിരിക്കുകയാണ് നിലവില്‍. കോഴഞ്ചേരിയിലെ ഹെര്‍മ്മിറ്റേജില്‍ താമസിച്ചു കൊണ്ട് സഭാധ്യക്ഷന്‍റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം മാത്രമേ മാര്‍ സ്തേഫാനോസിന് ഇനി പ്രവര്‍ത്തിക്കാന്‍ കഴിയു.ഒരു ബിഷപ്പിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും അദ്ദേഹത്തെ പ്രധാനപ്പെട്ട കൂദാശകളില്‍ നിന്ന് വിലക്കുന്നതും അത്ര സാധാരണമല്ല.

 

 

ഫലിത സംഭാഷണങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടംപിടിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത, മാര്‍ തിയഡോഷ്യസിന് മുന്‍പ് സഭാധ്യക്ഷനായിരുന്ന ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത എന്നിവരുടെ കാല ശേഷം ബിഷപ്പുമാരുടെ എണ്ണത്തില്‍ മാര്‍ത്തോമ്മ സഭയില്‍ കുറവ് വന്നിട്ടുണ്ട്.സഭാധ്യക്ഷന്‍ ഉള്‍പ്പെടെ നിലവില്‍ ഒന്‍പത് പേര്‍ മാത്രമാണ് ബിഷപ്പുമാരായുള്ളത്.ഭദ്രാസനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ഇതു ബാധിക്കുന്നുണ്ട്.

Back to top button
error: