NEWS

താജ് മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ് 

ന്യൂഡല്‍ഹി: താജ് മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ് രംഗത്ത്.
താജ് മഹലില്‍ വിഗ്രഹങ്ങള്‍ ഒന്നുമില്ലെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറികള്‍ പൂട്ടിയിട്ടിരിക്കുന്നത് സഞ്ചാരികളെ തടയാന്‍ മാത്രമാണെന്നും, രേഖകളിലും ഇവയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ അലഹബാദ് ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചിരുന്നു.ബിജെപിയുടെ അയോധ്യഘടകത്തിലെ സമൂഹമാധ്യമ ചുമതലയുള്ള രജനീശ് സിങ് ആണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. മുറികള്‍ തുറന്നു പരിശോധിക്കണമെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്ന് ചില ചരിത്രകാരും ഹിന്ദു സംഘടനകളും അവകാശവാദമുന്നയിച്ചതായി ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 ഇങ്ങനെയാണെങ്കില്‍ നാളെ ജഡ്ജിമാരുടെ ചേംബറിലെ മുറിയും നിങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുമല്ലോ എന്നാണ് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചത്. വിഷയത്തില്‍ നന്നായി ഗവേഷണം ചെയ്തു വരാനും കോടതി ഹര്‍ജിക്കാരനെ ഉപദേശിച്ചിരുന്നു.

Back to top button
error: