NEWS

മോഹനം ഈ രാഗം, മോഹൻ സിത്താര ഇപ്പോഴും പാടുകയാണ്: രാരി രാരീരം രാരോ 

താൻ ഈണം നൽകിയ  പാട്ടുകൾ പാടിയ എം ജി ശ്രീകുമാറും ( ചാന്തു പൊട്ടും  ചങ്കേലസും) വിധു പ്രതാപും , ജ്യോത്സനയും ( സുഖമാണീ നിലാവ് ) പ്രശംസകളുടെയും  പുരസ്കാരങ്ങളുടെയും കൈപിടിച്ച് പ്രശസ്തിയുടെ പടവുകളേറി പോയപ്പോൾ വിസ്‌മൃതിയുടെ ഇരുട്ട് വീണ നാട്ടു  വഴികളിലേക്ക് ഈണങ്ങളേറെ വിരിഞ്ഞ തന്റെ ഹാര്മോണിയ പെട്ടിയും തൂക്കി പിന്തിരിഞ്ഞു   നടന്നൊരു മനുഷ്യനുണ്ട് ഇന്നും ഓർമകളിൽ !
“രാരീ രാരീരം രാരോ എന്നൊരു മെഗാഹിറ്റ് പാട്ടോടെ അരങ്ങേറിയിട്ടു  ഒട്ടേറെ ഹിറ്റുകളും , സൂപ്പർ ഹിറ്റുകളും നൽകിയിട്ടും ഒരു സംസ്ഥാന പുരസ്‌കാരം ലഭിക്കുവാനായി  25 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നതെന്താണ്  ?
എന്നൊരു ചോദ്യത്തിന്
 “ ഞാൻ ഇപ്പോഴായിരിക്കും ഒരു നല്ല പാട്ടു ചെയ്തത് എന്ന് അവർക്കു തോന്നിയത് “ എന്ന്
 വിനയത്തോടെ മറുപടി പറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരൻ !
നവോദയ ടീം നിർമിക്കുന്ന പുതു ചിത്രത്തിന് , പുതിയ സംഗീത സംവിധായകനെ തേടുന്ന സമയത്തു , സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ഒഡീഷന് എത്തിയപ്പോൾ നിർമാതാവ് ജിജോയുടെ  “മ്യൂസിക് കംപോസ് ചെയ്യാൻ പറ്റുമോ ? എന്ന ചോദ്യത്തിന് “ എനിക്ക് അറിയില്ല സാർ , എനിക്ക് ഉറപ്പു പറയാൻ പറ്റുന്നില്ല സാർ ക്ഷമിക്കു “ എന്ന് പറഞ്ഞു മാറി നിന്ന,
സിനിമയുടെ റീ റെക്കോർഡിങ് ടൈമിൽ സ്റ്റുഡിയോയിൽ ഷോട്ടുകളിങ്ങനെ സ്‌ക്രീനിൽ ഓടിക്കൊണ്ടിരിക്കെ രാജീവ് കുമാറിനോട് “ഇത് ചെയ്യാൻ എനിക്ക് കഴിയില്ല ഇത് എനിക്ക് പറ്റിയ പണിയല്ല” എന്നും പറഞ്ഞു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോന്ന,
സ്വന്തം കഴിവിലും പ്രതിഭയിലും വിശ്വാസക്കുറവുള്ള ചരിത്രമുള്ള ആ മനുഷ്യൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ മാത്രമേ അതിൽ അമ്പരപ്പുണ്ടാകുമായിരുന്നുള്ളു …!! …
അയാളുടെ ആ  ഉത്തരത്തിൽ ആശങ്കപ്പെട്ട നിർമാതാവ് ജിജോയെ, അയാളുടെ പ്രതിഭയിലുള്ള വിശ്വാസം കൊണ്ട്  പറഞ്ഞു  മനസ്സിലാക്കിയ സംവിധായകൻ രാജീവ്കുമാർ,  അയാളോട് “ ഒരു താരാട്ട് ഈണം ഉണ്ടാക്കി കാണിക്കു” എന്ന് പറഞ്ഞു ഹാർമോണിയം കൊടുത്തു ഒരു റൂമിലേക്ക് പറഞ്ഞയക്കുക ആണ് ….
ആത്മവിശ്വാസം വീണ്ടെടുക്കാനായി ഒന്ന് ചാരി നിൽക്കാനൊരു  ചുമര് തിരക്കിയിറങ്ങിയ അയാൾക്ക് മുന്നിൽ ഉരുക്കിന്റെ വന്മതിൽ കെട്ടി രാജീവ് കുമാർ കൂടെ നിന്നപ്പോൾ നവോദയ ടീമിന്റെ സങ്കല്പങ്ങൾക്കുമപ്പുറേയുള്ള ഈണങ്ങൾ അയാളുടെ ഹാര്മോണിയപെട്ടിയിൽ നിന്നും ഉതിർന്നു വീഴുകയാണ് …
രാരീ രാരീരം രാരിരോ …..
ആ അനശ്വരമായ പാട്ടിലൂടെ
മലയാളസിനിമാലോകത്തേക്കു പുതിയൊരു സംഗീത സംവിധായകൻ വലതുകാൽ വച്ച് കയറുകയാണ് ..
മോഹൻ സിതാര ….
ഒരു താരാട്ട് പാട്ടിന്റെ ഈണം ആവശ്യപ്പെട്ട …
ടി കെ രാജീവ് കുമാറിനും , സിബി മലയിലിനും , സത്യൻ അന്തിക്കാടിനും , ബ്ലെസ്സിക്കും , അലി അക്ബറിനും,  വയർ കത്തുന്ന വിശപ്പടക്കി പിടിച്ചു പച്ചവെള്ളം കുടിച്ചുകൊണ്ട് അമ്മയുടെ ഇരു കയ്യിലും തലവെച്ചു കിടന്നു കൊണ്ട് ‘അമ്മ പാടുന്ന താരാട്ടു കേട്ട് കൊണ്ട് കിടന്നുറങ്ങിയിരുന്ന അയാളുടെയും ചേച്ചിയുടെയും കുട്ടികാലം ഓർത്തു കൊണ്ട് അയാളുടെ വിരലുകളിങ്ങനെ ഹാര്മോണിയത്തിൽ ഓടിത്തുടങ്ങവേ ഈണങ്ങളിങ്ങനെ പതിയെ അടർന്നു വീഴുകയായിരുന്നു
“രാരീ രാരീരം രാരോ ..”
“ഉണ്ണി വാവാവോ പൊന്നുണ്ണി വാവവ്വോ .”
“താലോലം താനേ താരാട്ടും ..”
“മിണ്ടാതെടി കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്തു ..”
“കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ ..”
എന്നിങ്ങനെ കണ്ണ് നീരിന്റെ നനവുള്ള താരാട്ടു ഈണങ്ങൾ … !
ഒരു വിരഹഗാനം ആവശ്യപ്പെട്ട സംവിധായകൻ മോഹൻ രൂപിനു ഒരിക്കൽ തന്നെ തനിച്ചാക്കി , വിരഹത്തിന്റെ വേദനയും നൽകി അകന്നു പോയ പ്രാണനായി കരുതിയിരുന്നവളെ ഓർമിച്ചു കൊണ്ട് ചിട്ടപ്പെടുത്തിയ ” ഇല കൊഴിയും ശിശിരത്തിൽ ” എന്ന ഗാനം !
ആഹാരം കഴിക്കുന്നിടത്തു നിന്നും അപമാനിച്ചിറക്കി വിടുമ്പോൾ കരുമാടിക്കുട്ടൻ നെഞ്ചു പൊട്ടി പാടുന്നൊരു പാട്ടു വേണമെന്ന വിനയന്റെ ആവശ്യപ്രകാരം ” നെഞ്ചുടുക്കിന്റെ തളതുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ ” എന്ന ഗാനം സൃഷ്ടിക്കുമ്പോൾ അയാളുടെ ഉള്ളിൽ ഒരിക്കൽ ഒരു പ്രശസ്ത സംഗീതസംവിധായകന്റെ കൂടെ ഒരു കാസെറ്റിന് വേണ്ടി പാട്ടൊരുക്കുന്നതിനു ഭാഗമായി  അസിസ്റ്റന്റ് ആയി നിന്നു വളരെ ആക്റ്റീവ് ആയി ആദ്യദിനം ജോലി ചെയ്തിട്ട് , രണ്ടാം ദിനം തന്നെ ഒരു കാരണവും പറയാതെ ആ പ്രൊജക്ടിൽ നിന്നും ഒഴിവാക്കിയ അനുഭവം ഓര്മ വന്നിരിക്കാം അത് കൊണ്ട് തന്നെ വിനയൻ പറഞ്ഞ രംഗത്തിനു അനുയോജ്യമായ ഈണവും അയാൾക്ക്‌ സുപരിചിതമായിരുന്നു …..!
പിന്നിട്ട കാലത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന ഒരു ഈണം വേണമെന്ന കമലിന്റെ നിർദ്ദേശപ്രകാരം പണ്ട് യേശുദാസ് സാറിന്റെ തരംഗിണി സ്‌കൂളിൽ ഫ്രീ ആയി വയലിൻ പഠിക്കുന്ന കാലത്തു , കൂടെയുള്ളവരെല്ലാം നന്നായി വയലിൻ വായിക്കുന്നത് കണ്ടിട്ട് തനിക്കും അവരെപ്പോലെ നന്നായി വായിക്കണം എന്ന വാശിയിൽ രാവ് വെളുക്കുവോളം പ്രാക്ടീസ് ചെയ്തു അവസാനം ക്ലാസിലെ ടോപ് വയലിനിസ്റ് ആകുകയും ആ സ്‌കൂളിൽ വയലിൻ അധ്യാപകൻ ആകുകയും ചെയ്ത ആ മധുര കാലം ഓർത്തെടുത്തു കൊണ്ട് “സുഖമാണീ നിലാവ് , എന്ത് രസമാണീ സന്ധ്യ”  എന്ന ഗാനം സൃഷ്ടിക്കുന്ന അയാൾ !
പാട്ടു പഠിക്കുവാനായി കുട്ടികൾ പോകുന്ന കുട്ടികാലം ചിത്രീകരിക്കുന്ന ഒരു പാട്ടു വേണമല്ലോ എന്ന ബ്ലെസ്സിയുടെ ആവശ്യത്തിന് സ്‌കൂൾ കാലത്തു ഉച്ചഭക്ഷണമില്ലാതെ ഡെസ്കിൽ മുഖം മറച്ചു കിടന്നിരുന്ന ആ കാലവും , ആറാം ക്ലാസിൽ സുനന്ദ ടീച്ചറുടെ ഉപദേശത്തിന് വഴങ്ങി ഒരു പാട്ടിനു ഈണം നൽകിയ ഓർമകളെ തഴുകികൊണ്ട്  “അണ്ണാറക്കണ്ണ വാ പൂവാല ചങ്ങാത്തം കൂടാൻ വാ”  എന്ന ഈണം ഒരുക്കുന്ന അയാൾ .. !
പാട്ടു കേൾക്കുന്നവരെല്ലാം താളം പിടിക്കുന്ന പാട്ടൊരെണ്ണം വേണമല്ലോ എന്ന്  പറഞ്ഞ കെ ബി മധുവിന് വേണ്ടി പണ്ട് സിതാര മ്യൂസിക് ട്രൂപ്പിൽ പാട്ടു പാടിയും , വയലിൻ വായിച്ചും ആളുകളെ താളം പിടിപ്പിച്ചു തുള്ളിച്ച  ആ പഴയ വയലിനിസ്റ്റിന്റെ ഓർമയിൽ “ പ്രണയകഥ പാടി വന്നു തെന്നൽ “ഒരുക്കുന്ന അയാൾ !
ഇനി കുറേകാലം ഡാൻസ് പ്രോഗ്രാമുകൾക്ക് സ്റ്റേജുകൾ ഭരിക്കുവാൻ പോകുന്ന പാട്ടാണ് നമുക്ക് വേണ്ടത് എന്ന സുന്ദര്ദാസിന്റെയും , സിബി മലയിലിന്റെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി,   വല്ലപ്പോഴുമൊരിക്കൽ മാത്രം ചിരി വിരിയുന്ന തന്റെ മാതാപിതാക്കളുടെ മുഖത്ത് , ചിരി വിരിയാൻ തന്റെ കയ്യിലെ സമ്മാനങ്ങൾക്കു കഴിയുമെന്ന് മനസിലാക്കി സ്‌കൂളിലെ, ഡാൻസും , നാടകവും , സ്കിറ്റും തുടങ്ങി  എല്ലാ പരിപാടികൾക്കും കയറിയിരുന്ന ആ കാലം ഓർത്തെടുത്തു കൊണ്ട്  “ചഞ്ചല ദ്രുത പത താളവും , ഇന്ദ്രനീലം ചൂടിയും അണിയിച്ചൊരുക്കുന്ന അയാൾ !
തുടങ്ങി അയാൾ ഈണമിട്ട ഗാനങ്ങളൊക്കെയും അയാളുടെ ജീവിതത്തിൽ നിന്നടർത്തിയെടുത്തതായതു കൊണ്ട്  തന്നെ
ആ ഗാനങ്ങൾക്കെല്ലാം വല്ലാത്തൊരു ജീവനുണ്ടായിരുന്നു ….
150 ലേറെ ചിത്രങ്ങൾ ..
അവയിലായി 400 ലേറെ പാട്ടുകൾ ..
അവയിലേറിയ പങ്കും സൂപ്പര്ഹിറ്റുകളും ഹിറ്റുകളും ..
എന്നിട്ടും എങ്ങനെയാണ് മോഹനേട്ടാ നിങ്ങൾ മറവിയുടെ കാണാക്കയത്തിലേക്കു മുങ്ങി പോയത് ?
ഒരു മൂവി ഗ്രൂപ്പിൽ , ഒരു ആൽബത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ചാർട്ടിൽ കയറ്റിയ സംഗീത സംവിധായകരെ പരിചയപെടുത്തു എന്ന പേരിൽ വന്ന പോസ്റ്റിൽ അന്യഭാഷാ സംഗീത സംവിധായകരും , നമ്മുടെ സംഗീത സംവിധായകരും ആഘോഷിക്കപ്പെട്ടപ്പോൾ എണ്ണം കൊണ്ട് അവരെക്കാൾ കൂടുതലോ ഒപ്പത്തിനൊപ്പമോ നിന്നിട്ടും നിങ്ങൾ എന്ത് കൊണ്ടാണ് മോഹനേട്ടാ ആഘോഷിക്കപ്പെടാതെ പോയത് .. ( സാന്ത്വനം ,ദീപസ്തംഭം ,വാസന്തിയും ലക്ഷ്മിയും ,മഴവില്ലു ,ജോക്കർ ,ദാദാസാഹിബ് ,വര്ണക്കാഴ്ചകൾ ,വല്യേട്ടൻ ,ഇഷ്ടം , കരുമാടിക്കുട്ടൻ ,ഊമപ്പെണ്ണു , സ്നേഹിതൻ , സ്വപ്നകൂട് , കാഴ്ച , തന്മാത്ര )
അറിയില്ല !!
മോഹനേട്ടാ പണ്ട്
 “ എനിക്ക് മ്യൂസിക് ചെയ്യാനറിയില്ല”  എന്ന് പറഞ്ഞു കൊണ്ട് നവോദയ ജിജോയോട് ബൈ പറഞ്ഞു ഇറങ്ങിയ നിങ്ങളെ, നിങ്ങളുടെ കഴിവ് അറിഞ്ഞു  പിടിച്ചു നിർത്തി സംഗീത സംവിധായകന്റെ കുപ്പായം അണിയിച്ച രാജീവ് കുമാറിന് നിങ്ങൾ സംഗീത രൂപത്തിൽ തിരിച്ചു നൽകിയ ആ മറുപടിയെ സ്നേഹിക്കുന്ന ……..
മഴവില്ലിന്റെ ഷൂട്ടിംഗ് സമയത്തു
 “ ഇളയരാജയെ കൊണ്ട് മ്യൂസിക് ചെയ്യിക്കണമെന്നാണ് സിനിമയുടെ പിന്നണിയിലെ എല്ലാവര്ക്കും.  എന്റെ നിര്ബന്ധമാണ് നിന്നെ കൊണ്ട് ചെയ്യിക്കണം എന്നത് കേട്ടോ”
എന്ന് പറഞ്ഞ നിർമാതാവ് സേവ്യറിന് ഒന്നിനൊന്നു മികച്ച അഞ്ചോളം പാട്ടുകൾ ഒരുക്കി നൽകിയ നിങ്ങളിലെ ആ വാശിക്കാരനെ ..
ഇന്നും ഇഷ്ടപെടുന്ന ..
എല്ലാ പാട്ടിലും ഒരു നാടൻ പാട്ടിന്റെ താളം ആണല്ലോ എന്ന് പറഞ്ഞ നിരൂപകന്മാരുടെ മുന്നിലേക്ക്  “കറുപ്പിനഴകും , രാക്ഷസിയും , പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോയും , പ്രണയകഥ പാടി വന്നു തെന്നലും ഇട്ടു കൊടുത്ത നിങ്ങളിലെ പ്രതിഭയെ ..
ആദരിക്കുന്ന ….
നിങ്ങളുടെ ഒരു ഗംഭീര തിരിച്ചു വരവ് ആഗ്രഹിക്കുന്ന എത്രയോ പേരുണ്ടെന്നോ …
“നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍.
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍..”
ഒരിക്കൽ വെറുതെ കേട്ട് ഇഷ്ടമായി പാടി നടന്ന ഈ വരികൾ ഇപ്പോൾ കേൾക്കുമ്പോൾ ഇടനെഞ്ചിലെവിടെയോ ഒരു വിങ്ങലാണ് ..
ആ വരികൾ മോഹൻ സിത്താരയെന്ന മഹാനായ സംഗീത സംവിധായകനെയും , സംഗീതപ്രേമികളെയും കുറിച്ചുള്ളതാണെന്നുള്ള ഒരു തോന്നൽ മനസിനെ അലട്ടുന്നു !
ഈണങ്ങൾ കൊണ്ട് ഒരായിരം മോഹങ്ങളും നൊമ്പരങ്ങളും കൈമാറി അയാൾ നമ്മളിലേക്ക്  പകർന്നു തന്നെങ്കിലും …..
നിർമിഴി മീലിയിൽ നീര്മണി തുളുമ്പി അയാൾ ഒരിക്കൽ നമ്മുടെ അരികിൽ വന്നു നിന്നപ്പോൾ
കണ്ണ് നീര് തുടക്കാതെ ഒന്നും പറയാതെ  വെറുമൊരു അന്യനായി നോക്കി നിന്ന പോലെ കുറ്റബോധം കലർന്നൊരു തോന്നൽ!

Back to top button
error: