ദില്ലി: ജോലിയിൽ ശ്രദ്ധിക്കുന്നില്ലെന്നും ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നും ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് മേധാവി മുകുൾ ഗോയലിനെ സർക്കാർ സ്ഥാനത്തുനിന്ന് നീക്കി. പൊലീസ് മേധാവിയെ നീക്കിയതായി സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ ജനറലായി (ഡിജി) ഗോയലിന് പുതിയ ചുമതല നൽകി.
ഔദ്യോഗിക ജോലികൾ അവഗണിക്കുകയും വകുപ്പുതല പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തതിനാണ് ഗോയലിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയൽ കഴിഞ്ഞ വർഷം ജൂണിലാണ് ഉത്തർപ്രദേശ് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ആയി നിയമിതനായത്. ഈ വർഷം മാർച്ചിൽ യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ ഉന്നത സ്ഥാനമാറ്റമാണിത്.