കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപരുമായ വി.പി രാമചന്ദ്രൻ (98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചി കാക്കനാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂർ ശേഖരൻനായരുടെയും വെട്ടത്ത് രുക്‌മിണി അമ്മയുടെയും മകനായി 1924 ഏപ്രിൽ 21-ന് തൃശ്ശൂരിലെ വടക്കാഞ്ചേരി താണപടിയിൽ ജനനം. ടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. മെട്രിക്കുലേഷൻ മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത. മെട്രിക്കുലേഷനുശേഷം ടൈപ്പ്റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പരിശീലിച്ച് മിലിറ്ററി അക്കൗണ്ട്‌സിൽ ലോവർ ഡിവിഷൻ ക്ലാർക്കായി ചേർന്നു. ഇതിനിടെ അന്നത്തെ ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ.പി.ഐ) പുണെ ഓഫീസിൽ ടൈപ്പിസ്റ്റായി നിയമനം ലഭിച്ചു. ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ അനുബന്ധ സ്ഥാപനമായിരുന്നു ഇത്.
1951-ലെ പൊതുതിരഞ്ഞെടുപ്പിൽ പി.ടി.ഐയുടെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് ഡെസ്‌ക്കിലായിരുന്നു ആദ്യ നിയമനം. 1959 മുതൽ ആറുവർഷം ലഹോറിൽ ലേഖകനായിരുന്നു. ഇന്ത്യ-ചൈന യുദ്ധകാലത്ത് പട്ടാളക്കാരോടൊപ്പം യൂണിഫോമിൽ യുദ്ധമുന്നണിയിൽനിന്ന് റിപ്പോർട്ട് ചെയ്തു. 1963-ൽ പി.ടി.ഐയിൽ സ്പെഷ്യൽ കറസ്‌പോണ്ടന്റായിയിരുന്നു.
1964-ൽ പി.ടി.ഐവിട്ട് യു.എൻ.ഐയിൽ ചേർന്നു. 1965-ൽ യു.എൻ.ഐയുടെ ഡെപ്യൂട്ടി ജനറൽമാനേജരായി. 1971 വരെ ഈ സ്ഥാനത്ത് തുടർന്നു. 1978-ലാണ് യു.എൻ.ഐവിട്ട് മാതൃഭൂമിയിൽ ചേർന്നത്. എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു മാതൃഭൂമിയിലെ നിയമനം. 1979-ൽ മാതൃഭൂമിയുടെ സ്ഥാപകപത്രാധിപരായിരുന്ന കെ.പി കേശവമേനോൻ അന്തരിച്ചപ്പോൾ മാതൃഭൂമി പത്രാധിപരായി. 1984-ൽ മാതൃഭൂമിയിൽനിന്ന് രാജിവെച്ചു. 1989-ൽ പ്രസ് അക്കാദമി കോഴ്‌സ് ഡയറക്ടറായി. മൂന്നുകൊല്ലത്തിനുശേഷം അക്കാദമി ചെയർമാനായി.
പരേതയായ ഗൗരിയാണ് ഭാര്യ. മകൾ: ലേഖ (റിട്ട. അധ്യാപിക). മരുമകൻ: ചന്ദ്രശേഖരൻ (എൻജിനിയർ).