KeralaNEWS

കടമെടുക്കാൻ അനുമതിയായില്ല; സാമ്പത്തികപ്രതിസന്ധി ഗുരുതരം, നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സാമ്പത്തികവർഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം തുടരുന്നതാണ് കാരണം. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണ് സംസ്ഥാനം. അനുമതി ഇനിയും നീണ്ടാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും.

മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രവാദം. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശം. ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സർക്കാർ നിലപാട്.

കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി നൽകിയിട്ടുണ്ടെന്നും വായ്പയെടുക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.

32,425 കോടി രൂപയാണ് സാമ്പത്തികവർഷം കേരളത്തിന് കടമെടുക്കാൻ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രിൽ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകൾ. എൽ.ഐ.സി തുടങ്ങിയവയിൽനിന്നുള്ള വായ്പകളും ഇതിൽപ്പെടും.

റിസർവ് ബാങ്ക് വായ്പാ കലണ്ടർപ്രകാരം ഏപ്രിൽ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറിൽ ഉൾപ്പെടുത്തിയാലും കടമെടുക്കാൻ അതത് സമയം കേന്ദ്രാനുമതി വേണം.

25 ലക്ഷത്തിലധികമുള്ള തുകയുടെ ബില്ലുകൾ ട്രഷറിയിൽനിന്ന് മാറാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള സാമ്പത്തികസ്ഥിതി വിലയിരുത്തി താത്കാലിക നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്.

സർക്കാർവകുപ്പുകൾ ഉപയോഗിക്കാതെ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന പണം പൊതുകണക്കിൽ ഉൾപ്പെടുത്തി സർക്കാരിന്റെ വായ്പപ്പരിധി വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ പണം തിരിച്ചെടുത്ത് കണക്കുകൾ ക്രമീകരിച്ചായിരുന്നു അന്ന് സർക്കാർ വായ്പപ്പരിധി പുനഃസ്ഥാപിച്ചത്.

കണക്ക് ശരിയല്ലെങ്കിൽ ഉത്തരവാദി ഉദ്യോഗസ്ഥൻ

കേന്ദ്രത്തെ അറിയിക്കുന്ന വായ്പ സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടായാൽ അത് കൈകാര്യം ചെയ്യുന്ന സിവിൽസർവീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവുമെന്ന് കേന്ദ്ര ധനസെക്രട്ടറി ടി.വി. സോമനാഥൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിട്ടുണ്ട്. വിവരം തെറ്റാണെങ്കിൽ കണക്ക് കൈകാര്യംചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൈമാറാനാണ് നിർദേശം.

ആന്ധ്രാപ്രദേശ്, ഹരിയാണ, ജമ്മുകശ്മീർ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയ്ക്കാണ് ഇതിനകം കടമെടുക്കാൻ അനുമതി ലഭിച്ചത്. കേരളത്തിനൊപ്പം മറ്റുചില സംസ്ഥാനങ്ങളോടും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: