BusinessTRENDING

20 വര്‍ഷം നീണ്ട യാത്ര അവസാനിപ്പിക്കുന്നു; ഐപോഡ് വിട വാങ്ങുന്നു

20 വര്‍ഷത്തോളം നീണ്ട ഐപോഡുകളുടെ ഐതിഹാസിക യാത്ര അവസാനിക്കുന്നു. വില്‍പ്പനയുണ്ടായിരുന്ന ഏക മോഡല്‍ ഐപോഡ് ടച്ച് പിന്‍വലിക്കുന്നതായി ആപ്പിള്‍ പ്രഖ്യാപിച്ചു. 2019ന് ശേഷം ഐപോഡ് ടച്ച് സീരിസില്‍ ആപ്പിള്‍ പുതിയ അപ്ഡേറ്റുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. നിലവിലെ സ്റ്റോക്ക് തീരും വരെ ഐപോഡ് ടച്ചിന്റെ വില്‍പ്പന തുടരും.

2001 ഒക്ടോബര്‍ 23ന് ആണ് മ്യൂസിക് ഇന്‍ഡസ്ട്രിയിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നതായി സ്റ്റീവ് ജോബ്സ് പ്രഖ്യാപിച്ചത്. അങ്ങനെ ആദ്യ ഐപോഡ് അതേ വര്‍ഷം നവംബറില്‍ വില്‍പ്പനയ്ക്കെത്തി. റൗണ്ട്-ഷേപ്പിലുള്ള ബട്ടനുകളും ബ്ലാക്ക്&വൈറ്റ് സ്‌ക്രീനുമായി എത്തിയ ആദ്യ മോഡലിന് 399 യുഎസ് ഡോളറായിരുന്നു വില.

1000 പാട്ടുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 5ജിബി മെമ്മറിയാണ് ആദ്യ ഐപോഡിന് ആപ്പിള്‍ നല്‍കിയത്. എന്ത് കൊണ്ട് ഐപോഡ് എന്ന ചോദ്യത്തിന് സ്റ്റീവ് നല്‍കിയ മറുപടി ‘സംഗീതം എല്ലാക്കാലവും നിലനില്‍ക്കും’ എന്നായിരുന്നു. 2002 മാര്‍ച്ചില്‍ ഐപോഡിന്റെ 10 ജിബി വേര്‍ഷന്‍ എത്തി. അതേ വര്‍ഷം ജൂലൈയില്‍ 10 ജിബി, 20 ജിബി വേരിയന്റുകളില്‍ രണ്ടാം തലമുറ ഐപോഡ് എത്തി.

2003ല്‍ ആണ് മൂന്നാം തലമുറ ഐപോഡുകള്‍ ആപ്പിള്‍ പുറത്തിറക്കിയത്. 2004ല്‍ 249 ഡോളറിന് ഐപോഡ് മിനി വേര്‍ഷനും കമ്പനി പുറത്തിറക്കി. പിന്നീട് ഇന്ത്യയിലുള്‍പ്പടെ വ്യപകമായ ഐപോഡ് കോപ്പികള്‍ക്ക് ആധാരമായതും ഐപോഡ് മിനിയാണ്. പിന്നീട് അങ്ങോട്ട് ഐപോഡിന്റെ വിവിധ പതിപ്പുകള്‍ ആപ്പിള്‍ പുറത്തിറക്കി.

2007 സെപ്റ്റംബറിലാണ് ഐഫോണിന്റെ മാതൃകയില്‍ 3.5 ഇഞ്ച് മള്‍ട്ടി-ടച്ച് ഡിസ്പ്ലെയില്‍ വെബ് ബ്രൗസിംഗ് ഉള്‍പ്പടെയുള്ള സവിശേഷതകളുമായി ഐപോഡ് ടച്ചിന്റെ ഒന്നാം തലമുറ എത്തുന്നത്. 2019ല്‍ ആണ് ഐപോഡ് ടച്ചിന്റെ ഏഴാമത്തേതും അവസാനത്തേതുമായ മോഡല്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ഇതിനിടയില്‍ ഐപോഡിന്റെ മറ്റ് മോഡലുകളെല്ലാം ആപ്പിള്‍ പിന്‍വലിച്ചിരുന്നു.

Back to top button
error: