KeralaNEWS

തൃശൂരിൽ കനത്ത മഴ, പൂരം വെടിക്കെട്ട് വീണ്ടും മാറ്റി; ഞായറാഴ്ച നടത്തിയേക്കും

തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കേണ്ട വെടിക്കെട്ട് വീണ്ടും മാറ്റി. വൈകീട്ട് ഏഴിന് പൊട്ടിക്കാനായിരുന്നു തീരുമാനമെങ്കിലും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മാറ്റി വെക്കാൻ ധാരണയായത്. ബുധനാഴ്ച വെളുപ്പിന് മൂന്ന് മണിക്ക് നടത്തേണ്ട വെടിക്കെട്ട് മഴ മൂലം രാത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ അന്തരീക്ഷം തീരെ അനുകൂലമല്ലാത്തതു കൊണ്ട് വീണ്ടും മാറ്റിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

മന്ത്രിമാരും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം.
ദേവസ്വം ഭാരവാഹികളും കളക്ടറും കമ്മീഷണറും സ്ഥലത്ത് പരിശോധന നടത്തി. പകല്‍പൂരവും അനുബന്ധ ചടങ്ങുകളും മഴയില്ലാത്തതിനാൽ തടസങ്ങളില്ലാതെ നടന്നു. വൈകുന്നേരത്തോടെ തൃശൂർ നഗരത്തിൽ മഴ ആരംഭിച്ചു. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് ആലോചന. കളക്ടറും ദേവസ്വം ഭാരവാഹികളും കമ്മീഷണറും ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

Signature-ad

വര്‍ണപ്പൂരം ഒരുക്കുന്നതായിരുന്നു ഇന്നലെ നടന്ന കുടമാറ്റം. വര്‍ണക്കുടകള്‍ക്കു പുറമെ എല്‍.ഇ.ഡി കുടകളും ഇക്കുറി കുടമാറ്റത്തില്‍ സ്ഥാനം പിടിച്ചു. ഭദ്രകാളിയും, ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി. ഇലഞ്ഞിത്തറമേളത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് പൂരങ്ങള്‍ തമ്മില്‍ കാണുന്നതാണ് കുടമാറ്റം. ദേശക്കാരുടെ ആവേശം മുഴുവന്‍ കുടകളില്‍ ഉണ്ടാകും.

ഇത്തവണത്തെ പൂരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരം നിറഞ്ഞ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. പൂരപ്രേമികളുടെമഹാ സാഗരത്തിനാണ് തൃശൂർ നഗരം സാക്ഷ്യം വഹിച്ചത്. പഞ്ചവാദ്യ അകമ്പടിയോടെയെത്തിയ മഠത്തില്‍ വരവ് പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി. നീണ്ട ഇടവേള കഴിഞ്ഞു നടക്കുന്ന പൂരം കാണാന്‍ പതിവില്‍ കവിഞ്ഞ ജനസഞ്ജയമാണ് പൂര നഗരിയിലേക്കെത്തിയത്. മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആള്‍ക്കൂട്ടം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു.

Back to top button
error: