IndiaNEWS

യുവാവിനെ പ്രലോഭിപ്പിച്ച് മദ്യപിപ്പിച്ച് ബോധം കെടുത്തി പണവും ബൈക്കും വിലകൂടിയ മൊബൈലും കവർന്നു, ഒടുവിൽ ബൈക്കും ജെസിബിയുമായി കൂട്ടിയിടിച്ച് മോഷ്ടാവ് ആശുപത്രിയിൽ; സിനിമാക്കഥയെ വെല്ലും ഒരു മോഷണക്കഥ

ത്തനംതിട്ട: യുവാവിനെ കുടിപ്പിച്ച് കിടത്തി പണവും മൊബൈല്‍ ഫോണും വാഹനവും മോഷ്ടിച്ച് കടന്ന കള്ളൻ ബൈക്കും ജെസിബിയുമായി കൂട്ടിയിടിച്ച് ആശുപത്രിയിലായി. കവര്‍ച്ചയ്ക്ക് ഇരയായ യുവാവ് ബോധം തെളിഞ്ഞപ്പോൾ പള്ളിയിലെത്തി മണിയടിച്ച് സഹായത്തിന് ആളെക്കൂട്ടി. നാട്ടുകാർ ഉടൻ പൊലീസിനെ വരുത്തി. പൊലീസ് കസ്റ്റിയിലെടുപ്പോള്‍ സകല കുറ്റവും സമ്മതിച്ച് കവര്‍ച്ചക്കാരൻ്റെ കുമ്പസാരം. കീഴ്‌വായ്പൂര്‍ സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന ഈ മോഷണക്കേസില്‍ ട്വിസ്റ്റുകള്‍ ഒരുപാടുണ്ട്.

കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടില്‍ തരുണ്‍ തങ്കച്ചൻ (35) ആണ് കൊള്ളയടിക്കപ്പെട്ടത്. മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയില്‍ പ്രഭന്‍ (34) ആണ് പ്രതി. അമിതമായി മദ്യം കഴിച്ച് ബോധം മറഞ്ഞിരുന്നു തരുണിന്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ അടുത്തുള്ള ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കയറി കൂട്ടമണി അടിക്കുകയായിരുന്നു. ഓടിക്കൂടിയ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിച്ചു.

കീഴ്‌വായ്പൂർ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ് ഐ ജയകൃഷ്ണന്‍ നായരും സംഘവും സമയം കളയാതെ സ്ഥലത്ത് പാഞ്ഞെത്തി. ആളുകള്‍ വളഞ്ഞുവച്ച യുവാവിനെ കണ്ടപ്പോഴേ പോലീസിന് പന്തികേട് തോന്നി. നന്നായി മദ്യപിച്ച് വശം കെട്ട നിലയിലായിരുന്നു അയാള്‍. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊള്ളയടിയുടെ കഥ പുറത്തു വന്നത്.
സര്‍വ്വതും നഷ്ടപ്പെട്ടെന്ന് മനസിലായപ്പോള്‍ സഹായത്തിനാണ് പള്ളി മണി മുഴക്കിയതെന്നായിരുന്നു തരുണിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ തരുണിനെ സമീപിച്ച പ്രഭന്‍ (34) നേരേ മല്ലപ്പള്ളി ബിവറേജ്‌സ് ഔട്ട്‌ലെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും വാങ്ങിയ മദ്യം അടുത്തുള്ള തോട്ടത്തിലെത്തി കുടിച്ചു തീര്‍ത്തു. വീണ്ടും രണ്ട് ലിറ്ററോളം തരുണിനെ കൊണ്ട് വാങ്ങിപ്പിച്ച് പ്രഭന്റെ വീട്ടിലെത്തി വീണ്ടും മദ്യപിച്ചു.
ക്രമാതീതമായി മദ്യം കൊടുത്ത് തരുണിനെ അബോധാവസ്ഥയിലാക്കി.

തുടര്‍ന്ന് തരുണിൻ്റെ പണം, തിരിച്ചറിയല്‍ കാര്‍ഡ്, എടി എം കാര്‍ഡ് തുടങ്ങിയ രേഖകളടങ്ങിയ പേഴ്‌സ്, പോക്കറ്റിലിരുന്ന 18000 രൂപ, 84000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ താക്കോല്‍ എന്നിവ കൈക്കാലാക്കി പ്രഭന്‍ സ്ഥലംവിട്ടു. കഥ കേട്ട എസ്.ഐയും സംഘവും യുവാവിനെ പോലീസ് വാഹനത്തില്‍ കയറ്റി സ്‌റ്റേഷനിലേക്ക് തിരിച്ചു.

വീട്ടില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് നടത്തുകയാണ് തരുണ്‍. സ്‌റ്റേഷനില്‍ എത്തിച്ച് മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം, പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം കവര്‍ച്ചക്ക് കേസെടുത്തു.
ഒട്ടും താമസിയാതെ എസ് ഐ സുരേന്ദ്രന്‍, സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ എടുക്കാന്‍ ശ്രമിച്ചു. തുടർന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ചെയ്തു. സൈബര്‍ സെല്ലില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്ന പോലീസിന് പിന്നീട് കിട്ടിയ ഫോണ്‍ സന്ദേശം അടുത്ത വഴിത്തിരിവായി.
കവര്‍ച്ച മുതലുകളും ബൈക്കുമായി പുനലൂര്‍ ഭാഗത്തേക്ക് കടന്ന പ്രതി പ്രഭന്‍, കോന്നിയില്‍ റോഡുപണി ചെയ്യുന്ന ഇ കെ കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മണ്ണുമാന്തി യന്ത്രത്തില്‍ ചെന്നിടിച്ച് പരുക്കേറ്റു.

തുടയിലും വയറ്റിലും പരിക്കുപറ്റിയ ഇയാളെ കമ്പനി ജീവനക്കാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ ലഭ്യമാക്കിയ ശേഷം വിവരം അവര്‍ കോന്നി പൊലീസില്‍ അറിയിച്ചു. പോലീസ് ആശുപത്രിയില്‍ എത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രതി തത്ത പറയും പോലെ എല്ലാം സമ്മതിച്ചു. കോന്നി പോലീസ് കസ്റ്റഡിയില്‍ എടുത്ത്
സ്‌റ്റേഷനിലെത്തിച്ച പ്രതിയെ അവര്‍ അറിയിച്ചതുപ്രകാരം കീഴ്‌വായ്പ്പൂര്‍ പോലീസ് എത്തി ചോദ്യം ചെയ്തു. പ്രതിയുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണും വിവിധ കാര്‍ഡുകള്‍ അടങ്ങിയ പേഴ്‌സും,17410 രൂപയും, ബൈക്കും കണ്ടെടുത്തു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുകയാണ് പ്രതി.
സംസ്ഥാനം വിട്ടുപോവുകയായിരുന്നു ലക്ഷ്യം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: