KeralaNEWS

1300 കോടി കബളിപ്പിച്ച് പുനലൂരിലെ കേച്ചേരി ചിറ്റ്‌സ് ഉടമകള്‍ മുങ്ങി, സ്‌റ്റേഷനിലേക്ക് പരാതി പ്രവാഹം, കേസെടുക്കാന്‍ മടിച്ച് പുനലൂര്‍ പൊലീസ്

പുനലൂര്‍: പോപ്പുലറിനും താഴയിലിനും പിന്നാലെ മറ്റൊരു സാമ്പത്തിക സ്ഥാപനം കൂടി ഇടപാടുകാരെ പറ്റിച്ചു മുങ്ങി. പുനലൂര്‍ ആസ്ഥാനമായ കേച്ചേരി ചിട്ടിഫണ്ട് ഉടമകളാണ് കോടികളുടെ ആസ്തിയുമായി മുങ്ങിയത്. ഉടമ പുനലൂര്‍ കാര്യറ ഹരിഭവനില്‍ വേണുഗോപാല്‍, ഭാര്യ ബിന്ദു, മകന്‍ വിഘ്‌നേഷ്, ഡ്രൈവര്‍ മനോജ്, വേണുഗോപാലിന്റെ അസിസ്റ്റന്റ് സുധീഷ് എന്നിവരാണ് മേയ് ഒന്നു മുതല്‍ വീടും പൂട്ടി നടുവിട്ടത്. ചിട്ടി വട്ടമെത്തിയിട്ടും പണം കിട്ടാതെ വന്ന നിരവധി പേര്‍ പരാതിയുമായി പുനലൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍, ഇതു വരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. ചിട്ടിഫണ്ട് ഉടമകള്‍ മുങ്ങിയെന്ന വിവരം സമ്മതിക്കുന്നുണ്ടെങ്കിലും ചിട്ടി ഓഫീസുകള്‍ തുറക്കുന്നുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം.

1300 കോടി രൂപയുടെ ബാധ്യതയാണ് വേണുഗോപാലിനുള്ളതെന്ന് പറയുന്നു. നിക്ഷേപകരില്‍ നിന്നും ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുകയും ധാരാളം പേരില്‍ നിന്നും ചിട്ടികള്‍ ചേര്‍ത്ത് തുക സ്വരൂപിക്കുകയും ചെയ്തിരുന്നു. ഈ തുകകള്‍ പല രീതിയില്‍ വഴി മാറ്റി ചെലവാക്കിയതാണ് കമ്പനിക്ക് ഇത്ര ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ കാരണമായത്.

Signature-ad

നിക്ഷേപകരും ചിട്ടിക്ക് ചേര്‍ന്നവരും സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്ന തുകകള്‍ പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ നല്‍കിയില്ല. മാസങ്ങള്‍ നീണ്ട അവധി പറയുകയും ചെയ്തു. ഇതോടെയാണ് സ്ഥാപനം പൊട്ടിയെന്ന് നിക്ഷേപകര്‍ക്ക് മനസിലായത്. ധാരാളം നിക്ഷേപകര്‍ ശാഖാ ഓഫീസുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി.

പുനലൂരില്‍ തന്നെ അസംഖ്യം പരാതികള്‍ ചെന്നിട്ടുണ്ട്. എന്നാല്‍, കേസെടുത്തിട്ടില്ല. കേസെടുക്കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 14 ബ്രാഞ്ചാണ് ഈ സ്ഥാപനത്തിനുള്ളത്. മിക്കവയും ദിവസങ്ങളായി തുറക്കുന്നില്ല. ചിട്ടി മുതലാളിയെ സംരക്ഷിക്കാന്‍ പൊലീസിന് മേലും രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായെന്നാണ് സൂചന.

Back to top button
error: