റെയില്‍വേ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസ പദ്ധതിയാണ് റെയില്‍വേ മേൽപ്പാലങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്(കെ- റെയിൽ) റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ മേൽപ്പാലങ്ങൾ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും കഴിഞ്ഞ വര്‍ഷം ജൂലൈ ഒൻപതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ സെപ്റ്റംബര്‍ ഒന്നിന് അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കെ റെയിലിന് അനുമതി നല്‍കിയിരുന്നു.
പുതുക്കാട്, ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പള്ളി ഗേറ്റ്, അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം – വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പട്ടിക്കാട് ഗേറ്റ്, നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്, പഴയങ്ങാടി – പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഏഴിമല ഗേറ്റ് എന്നീ മേല്‍പ്പാലങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. ബാക്കി 22 മേല്‍പ്പാലങ്ങളുടെ നിര്‍മാണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
മേല്‍പ്പാലങ്ങളുടെ നിര്‍മാണചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തുല്യമായി വഹിക്കും.റെയില്‍വേ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസ പദ്ധതിയാണ് റെയില്‍വേ മേൽപ്പാലങ്ങൾ.