NEWSWorld

രാജ്ഞിയുടെ ജൂബിലി ആഘോഷം: ഹാരിയും മേഗനും മുന്നിൽ നിൽക്കരുത്

ബ്രിട്ടിഷ് രാജപദവിയിൽ 70 വർഷം തികച്ച എലിസബത്ത് രാജ്‍ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലെ പങ്കാളിത്തത്തിൽ നിന്ന് കൊച്ചുമകൻ ഹാരിയെയും ഭാര്യ മേഗനെയും മാറ്റിനിർത്താൻ തീരുമാനിച്ചതിനെത്തുടർന്ന് ബക്കിങ്ങാം കൊട്ടാരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ആഘോഷങ്ങളിലെ ആദ്യചടങ്ങായ ബ്രിട്ടിഷ് സൈന്യത്തിന്റെ ‘ട്രൂപ്പിങ് ദ് കളർ’ നടക്കുമ്പോൾ ബാൽക്കണിയിൽ ഹാരിക്കും മേഗനും ഇടമുണ്ടാവില്ലെന്ന് രാജ്ഞി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രാജകീയപദവികൾ ഉപേക്ഷിച്ച് യുഎസിലേക്കു താമസം മാറിയ ഹാരിക്കും മേഗനും കൊട്ടാരത്തിലെ മറ്റുള്ളവരോടൊപ്പം ബാൽക്കണിയിൽ നിൽക്കാൻ അനുമതിയില്ലെന്നതാണു സാങ്കേതികകാരണം.

എന്നാൽ, ഹാരിയുടെയും മേഗന്റെയും ജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററി നിർമിക്കുന്ന നെറ്റ്‍ഫ്ലിക്സ് സംഘം ആഘോഷപരിപാടിയിൽ കടന്നുകയറി അനധികൃതമായി ചടങ്ങുകൾ ചിത്രീകരിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണു നിയന്ത്രണം കടുപ്പിക്കുന്നത്. ഡോക്യുമെന്ററിക്കായി നെറ്റ്ഫ്ലിക്സുമായി 1000 കോടി രൂപയുടെ കരാറാണുള്ളത്. ഛായാഗ്രാഹകർ ഉൾപ്പെടെ 30 പേരടങ്ങുന്ന സംഘം ഹാരിയെയും മേഗനെയും സദാ അനുഗമിക്കുന്നതിനാൽ പ്ലാറ്റിനം ജൂബിലിച്ചടങ്ങിലും അവരെത്തുമെന്ന് കൊട്ടാരത്തിന്റെ സുരക്ഷാജീവനക്കാർ സംശയിക്കുന്നു. കൊട്ടാരത്തിലും കൊട്ടാരംവക സ്ഥലങ്ങളിലും നെറ്റ്‍ഫ്ലിക്സ് സംഘത്തിനു പ്രവേശനം അനുവദിക്കില്ല എന്നു നേരത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ജനക്കൂട്ടത്തിനിടയിൽ നിന്ന് ചെറുക്യാമറകൾ ഉപയോഗിച്ച് സംഘം ചിത്രീകരണം നടത്തുമെന്നും സംശയിക്കുന്നു. ‌

രാജകീയ പദവികൾ ഉപേക്ഷിച്ച ശേഷം കൊട്ടാരവുമായി അകലം പാലിച്ചിരുന്ന ഹാരിയും മേഗനും ഇപ്പോൾ കൊട്ടാരത്തിലേക്ക് വരുന്നതും രാജ്ഞി ഉൾപ്പെടെയുള്ളവരുമായി  കൂടിക്കാഴ്ച നടത്തുന്നതും ഡോക്യുമെന്ററിക്ക് ആവശ്യമായ രംഗങ്ങൾ ഒരുക്കാനാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.

Back to top button
error: