NEWSWorld

വീണ്ടും യുക്രെയ്ന്‍ മുന്നേറ്റം; മറ്റൊരു റഷ്യന്‍ കപ്പല്‍ കൂടി കരിങ്കടലില്‍ താഴ്ത്തി

കീവ്: കരിങ്കടലിലെ റഷ്യൻ ആധിപത്യത്തിന്റെ ചിഹ്നമായിരുന്ന മോസ്ക്വയ്ക്കു പിന്നാലെ, മറ്റൊരു റഷ്യൻ കപ്പൽ കൂടി കരിങ്കടലിൽ താഴ്ത്തി യുക്രെയ്ന്റെ മുന്നേറ്റം. ഇത്തവണ സായുധ ഡ്രോൺ ആക്രമണത്തിലൂടെയാണ് കരിങ്കടലിലെ സ്നേക് ദ്വീപിനു സമീപം റഷ്യൻ കപ്പൽ യുക്രെയ്ൻ തകർത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ യുക്രെയ്ൻ സൈന്യം പുറത്തുവിട്ടു. ബേയ്‌റക്തർ വിഭാഗത്തിൽപ്പെട്ട ഡ്രോണിന്റെ സഹായത്തോടെ വിക്ഷേപിച്ച മിസൈൽ ഉപയോഗിച്ചാണ് കപ്പൽ തകർത്തതെന്ന് യുക്രെയ്ൻ സൈന്യം വ്യക്തമാക്കി.

കരിങ്കടലിൽ റഷ്യൻ നിയന്ത്രണത്തിലുള്ള സ്നേക് ദ്വീപിനു സമീപം സെർണ പ്രോജക്ട് ലാൻഡിങ് കപ്പലും അതിന്റെ ഭാഗമായ മിസൈൽ പ്രതിരോധ സംവിധാനവുമാണ് യുക്രെയ്ൻ ഡ്രോൺ ഉപയോഗിച്ചുള്ള മിസൈലാക്രമണത്തിലൂടെ തകർത്തത്. യുക്രെയ്ന്റെ ബേയ്‌റക്തർ ടിബി2 എന്ന ഡ്രോണാണ് ആക്രമണത്തിനായി ഉപയോഗിച്ചത്.

Signature-ad

‘യുക്രേനിയൻ ബേയ്റക്തർ ടിബി2 മറ്റൊരു റഷ്യൻ കപ്പൽ കൂടി തകർത്തിരിക്കുന്നു. ഇത്തവണ സെർണ പ്രോജക്ടിന്റെ ഭാഗമായ ലാൻഡിങ് കപ്പലാണ് തകർത്തത്. സ്നേക് ദ്വീപിനു സമീപം റഷ്യയുടെ കരിങ്കടൽ കപ്പൽപ്പട മേയ് ഒൻപതിനു നടത്താനിരുന്ന പരമ്പരാഗത പരേഡ് ഇനി കടലിന്റെ അടിയിൽവച്ചു നടക്കും’ – കപ്പൽ ആക്രമണത്തിലൂടെ തകർത്ത് കരിങ്കടലിൽ മുക്കുന്ന വിഡിയോ സഹിതം യുക്രെയ്ൻ പ്രതിരോധ വകുപ്പ് ട്വീറ്റ് ചെയ്തു.

യുക്രേനിയൻ ഡ്രോണിൽനിന്ന് വിക്ഷേപിച്ച മിസൈൽ റഷ്യൻ യുദ്ധക്കപ്പൽ തകർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ഓവർഹെഡ് ഫുട്ടേജിൽ ഒരു ഡ്രോൺ കപ്പലിൽ മുകളിലെത്തുന്നതും തൊട്ടുപിന്നാലെ കപ്പൽ‍ പൊട്ടിത്തെറിക്കുന്നതും കാണിക്കുന്നുണ്ട്.

നേരത്തെ, ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് പാഞ്ഞെത്തിയ യുക്രെയ്ന്‍ ക്രൂയിസ് മിസൈലുകള്‍ റഷ്യയുടെ ‘മോസ്ക്വ’ എന്ന യുദ്ധകപ്പല്‍ തകർത്ത് കരിങ്കടലില്‍ മുക്കിയിരുന്നു. യുക്രെയ്നെതിരായ ആക്രമണം ആരംഭിച്ച ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായാണ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് മറ്റൊരു യുദ്ധക്കപ്പൽ കൂടി യുക്രെയ്ൻ തകർത്തത്.

Back to top button
error: