IndiaNEWS

തജിന്ദറിനെതിരെ വീണ്ടും വാറണ്ട്, രാത്രി ഹർജി പരിഗണിച്ചു, അറസ്റ്റിന് സ്റ്റേ, കെജ്‌രിവാൾ നാണം കെട്ടെന്ന് ബിജെപി

ചണ്ഡീഗഢ്: തജിന്ദർ ബഗ്ഗയ്ക്കെതിരായ പഞ്ചാബ് സർക്കാരിന്‍റെ നടപടികൾ പാതിരാത്രിയിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുന്നു. തജിന്ദർ ബഗ്ഗയ്ക്കെതിരെ രാത്രി പഞ്ചാബ് സ‍ർക്കാരിന്‍റെ ആവശ്യ പ്രകാരം മൊഹാലി കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ രാത്രി നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് നീങ്ങി. അറസ്റ്റ് വാറണ്ടിനെതിരെ തജിന്ദർ ബഗ്ഗ രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. ഇതോടെ വിഷയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ വിമർശനമാക്കി ബി ജെ പി മാറ്റിയിട്ടുണ്ട്.

തജിന്ദർ ബഗ്ഗയുടെ ഹർജി രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് അനൂപ് ചിറ്റ്ക്കാര വസതിയിലാണ് വാദം കേട്ടത്. ബിജെപി നേതാവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് മൊഹാലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാദം കേട്ട ശേഷം ഹൈക്കോടതി അറസ്റ്റിന് താത്കാലിക വിലക്കേർപ്പെടുത്തി. മെയ് പത്ത് വരെ തജീന്ദർ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതിനാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയത്. ബഗ്ഗയുടെ ഹർജി പ്രധാന കേസിനോടൊപ്പം ചേർക്കുമെന്നും കേസ് പത്തിന് വീണ്ടും പരിഗണിക്കാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതോടെ ബിജെപി കെജ്രിവാളിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. വീണ്ടും നീതിയും ധർമ്മവും വിജയിക്കുന്നുവെന്നാണ് ബി ജെ പി എംപി തേജസ്വി സൂര്യ അഭിപ്രായപ്പെട്ടത്. കെജ്‌രിവാൾ വീണ്ടും നാണംകെട്ടെന്ന് ബിജെപി നേതാക്കൾ കൂട്ടിച്ചേ‍ർത്തു.

Back to top button
error: