KeralaNEWS

സഭ ബന്ധത്തിൽ ചർച്ച, കളം നിറഞ്ഞ് ഉമയും ജോ ജോസഫും; കളത്തിലെത്താതെ ബിജെപി, ട്വന്‍റി 20

കൊച്ചി: ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളം നിറഞ്ഞതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന ഉണ്ടാകും.

രണ്ട് മുന്നണികളുടെയും സ്ഥാനാർഥികൾ പ്രചാരണത്തിൽ മുന്നേറുമ്പോഴും ബി ജെ പി ഇനിയും സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഉടൻ ഉണ്ടാകും എന്ന് മാത്രമാണ് നേതൃത്വം പറയുന്നത്. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച ബിജെപിയിൽ തുടരുകയാണ്. തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇടതു സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തിലൂന്നിയ ച‍ർച്ചയാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും സജീവമായിട്ടുള്ളത്.

Back to top button
error: