ന്യൂഡല്‍ഹി: 2022 മാര്‍ച്ച് പാദത്തില്‍ സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 13.2 ശതമാനം വര്‍ധിച്ച് 540.54 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 478 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 3,843.87 കോടി രൂപയില്‍ നിന്ന് 3,948.24 കോടി രൂപയായി ഉയര്‍ന്നതായി ഫെഡറല്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
സ്റ്റാന്‍ഡലോണ്‍ അറ്റാദായത്തിന്റെ കാര്യത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ 1,590.30 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 18.8 ശതമാനം ഉയര്‍ന്ന് 1,889.82 കോടി രൂപയായി. മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 15,716.61 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 15,749.85 കോടി രൂപയായി ഉയര്‍ന്നു.
ആസ്തി ഗുണനിലവാരത്തിന്റെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ ഒരു വര്‍ഷം മുമ്പുള്ള 3.41 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 2.80 ശതമാനമായി മെച്ചപ്പെട്ടു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 2021 ലെ 4,602.39 കോടിയില്‍ നിന്ന് 2022ല്‍ 4,136.74 കോടി രൂപയായി കുറഞ്ഞു.
കിട്ടാക്കടങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടാനായി മാറ്റിവച്ചിരിക്കുന്ന തുക 75.24 കോടി രൂപയായി കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 254.49 കോടി രൂപയായിരുന്നു. അറ്റനിഷ്‌ക്രിയ ആസ്തിയും 2021 സാമ്പത്തിക വര്‍ഷത്തിലെ 1.19 ശതമാനത്തില്‍ നിന്ന് (1,569.28 കോടി രൂപ) 2022 സാമ്പത്തിക വര്‍ഷത്തില്‍ 0.96 ശതമാനമായി (1,392.62 കോടി രൂപ) കുറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 91.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്.