NEWS

ഉപ്പൂറ്റി വേദനയും പ്രതിവിധികളും

രീരഭാരം മുഴുവന്‍ താങ്ങേണ്ടി വരുന്നത് കാലുകള്‍ ആണ്. അതിനാല്‍ തന്നെ കാലുകളിലെ അസ്ഥികളിലും സന്ധികളിലും വേദന ഉണ്ടാവാനുള്ള സാധ്യത അധികമാണ്.ഇത്തരത്തില്‍ വളരെ ദുസ്സഹമായ ഒന്നാണ് ഉപ്പൂറ്റി വേദന.ഉപ്പൂറ്റി വേദന എന്നത് ഒരു രോഗലക്ഷണം ആണ്.അതായത് വ്യത്യസ്ത രോഗങ്ങളാല്‍ ഇത് ഉണ്ടാവാമെന്ന് സാരം.
ഉപ്പൂറ്റി വേദനയുടെ വകഭേദങ്ങള്‍
1. പ്ലാന്‍റാര്‍ ഫേഷ്യൈറ്റിസ്
കാല്‍പാദത്തില്‍ ഉപ്പൂറ്റി മുതല്‍ വിരലുകള്‍ വരെ വ്യാപിച്ച്‌ കിടക്കുന്ന ഒരു സ്നായു ആണ് പ്ലാന്‍റാര്‍ ഫേഷ്യ. പാദത്തിലെ അസ്ഥികളെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുക, പാദത്തിന്‍റെ സ്വാഭാവിക വളവിനെ നിലനിര്‍ത്തുക എന്നിവയാണ് ഇതിന്‍്റെ ധര്‍മം. പെട്ടെന്നുള്ള ചലനം, അധികനേരമുള്ള നില്‍പ്പ്, നടത്തം, കഠിനവ്യായാമം എന്നിവകൊണ്ട് ഈ ഫേഷ്യക്ക് അതിസൂക്ഷ്മമായ ക്ഷതങ്ങള്‍ ഉണ്ടാവുകയും ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കൊണ്ട് നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്ലാന്‍റാര്‍ ഫേഷ്യൈറ്റിസ്.
ഈ രോഗാവസ്ഥയില്‍ ഉറക്കം ഉണര്‍ന്ന ശേഷം ആദ്യം വെക്കുന്ന ചുവടുകളില്‍ തീവ്രമായ വേദന അനുഭവപ്പെടുകയും നടക്കും തോറും വേദന കുറയുകയും ചെയ്യുന്നു. കാലക്രമേണ ഈ വേദന സ്ഥിരപ്പെടുകയും ശാരീരികായാസങ്ങള്‍ ഉണ്ടാകുമ്ബോള്‍ കൂടുകയും ചെയ്യുന്നു.
2. കാല്‍കേനിയല്‍ സ്പര്‍
ഉപ്പൂറ്റിയിലെ കാല്‍കേനിയം എന്ന അസ്ഥിയില്‍ ഉണ്ടാവുന്ന മുള്ള് പോലുള്ള വളര്‍ച്ചയാണ് സ്പര്‍. ഉപ്പൂറ്റിയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന സമ്മര്‍ദം മൂലം കാത്സ്യം അടിഞ്ഞുകൂടിയാണ് ഇത് ഉണ്ടാവുന്നത്. അമിത ശരീരഭാരം, പരന്ന കാലുകള്‍, ഹൈ ഹീല്‍ ചെരുപ്പ് എന്നിവ സ്പര്‍ ഉണ്ടാവാന്‍ കാരണമാകുന്നു.
3. ഹീല്‍ ബംപ്
ഉപ്പൂറ്റിയുടെ പിന്‍ഭാഗത്ത് നിരന്തരമായ സമ്മര്‍ദം കൊണ്ട് ഉണ്ടാവുന്ന വേദനയോടുകൂടിയ മുഴകള്‍ ആണ് ഇത്. ഇറുക്കം കൂടിയ ചെരുപ്പ് ഉപയോഗിക്കുന്നവരിലാണ് സാധാരണ ഇത് കാണപ്പെടുന്നത്.
4. അക്കില്ലസ് ടെണ്ടനൈറ്റിസ്
കാല്‍ വണ്ണയിലെ പേശികള്‍ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്ന സ്നായുവില്‍ ഉണ്ടാവുന്ന ക്ഷതവും നീര്‍ക്കെട്ടും ഉപ്പൂറ്റിക്ക് പിന്‍ഭാഗത്ത് മുകളിലായി വേദന ഉണ്ടാക്കുന്നു. ദീര്‍ഘദൂര ഓട്ടക്കാരില്‍ കൂടുതല്‍ കണ്ടുവരുന്നു.
ഇവയെ കൂടാതെ ആര്‍ത്രൈറ്റിസ്, ഗൌട്ട്, ടാര്‍സല്‍ ടണല്‍ സിന്‍ഡ്രോം എന്നീ രോഗങ്ങളിലും ഉപ്പൂറ്റി വേദന ഒരു ലക്ഷണമാണ്.
ഉപ്പൂറ്റി വേദന എങ്ങിനെ വരാതെ നോക്കാം?
ശരീരഭാരം കുറയ്ക്കുക
ദീര്‍ഘദൂര നടത്തം/ഓട്ടം ഒഴിവാക്കുക
നഗ്നപാദങ്ങളോടെ നടക്കാതിരിക്കുക
ഹൈ ഹീല്‍ ചെരുപ്പുകള്‍ ഒഴിവാക്കുക
ഉപ്പൂറ്റിക്ക് ക്ഷതമേല്‍ക്കാത്ത വിധത്തിലുള്ള വ്യായാമങ്ങളായ നീന്തല്‍, സൈക്ലിംഗ് എന്നിവ ശീലമാക്കുക
മൃദുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക
നീര്‍ക്കെട്ട് കുറയ്ക്കുന്നതും തടയുന്നതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കണം. ഉദാഹരണത്തിന് മഞ്ഞള്‍, ഇഞ്ചി, ഇലവര്‍ഗ്ഗങ്ങളും എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പയര്‍, ബീന്‍സ്, ഓറഞ്ച് എന്നിവയും കൂടുതല്‍ ഉപയോഗിക്കാം. പാല്‍, ബദാം, കടല്‍ മത്സ്യങ്ങള്‍, എള്ള്, അത്തിപ്പഴം, വാഴപ്പഴം എന്നിവയും നീര്‍ക്കെട്ട് തടയാന്‍ സഹായിക്കുന്നു. ഇവയെക്കൂടാതെ കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി എന്നിവയടങ്ങിയ മറ്റ് ആഹാരങ്ങളും ഉപയോഗിക്കാം.
ഉപയോഗം കുറയ്ക്കേണ്ടത്
നീര്‍ക്കെട്ടിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നതായ മധുരം, എരിവ്, പുളി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കണം.വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കണം. കൊഴുപ്പിന്‍റെ അംശം നല്ലരീതിയില്‍ മിതപ്പെടുത്തണം.
ഉപ്പൂറ്റി വേദന കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങള്‍
വിശ്രമം – ശാരീരിക ആയാസം കുറയ്ക്കുക
ഭാരവഹനം, കഠിനവ്യായാമം, അസമാമായതും കട്ടികൂടിയതുമായ പ്രതലത്തില്‍ ഉള്ള നടത്തം, ഓട്ടം എന്നിവ ഒഴിവാക്കണം
പേശികളുടെ ഇറുക്കം ഒഴിവാക്കാന്‍ മൃദുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യാം
പാദരക്ഷകള്‍ – ഉപ്പൂറ്റിക്ക് അധികം സമ്മര്‍ദം കൊടുക്കാത്ത മൃദുവായ കുഷ്യനോട് കൂടിയ പാദരക്ഷകള്‍ ഉപയോഗിക്കാം. എം.സി.ആര്‍ (മൈക്രോ സെല്ലുലാര്‍ റബ്ബര്‍) ചെരുപ്പുകള്‍ ആണ് ഉത്തമം
സ്പ്ലിന്റുകള്‍ – ഉറക്കത്തില്‍ പാദത്തിന്‍റെ ചലനം പരിമിതപ്പെടുത്തുന്ന സ്പ്ലിന്റുകള്‍ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: