അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ പുലര്‍ച്ചെ തുടങ്ങുന്ന കാത്തിരിപ്പ് പാതിരാവരെ നീളും.ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കിയവര്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും-ഒരു വര്‍ഷത്തെ മുവുവന്‍ ഐശ്വര്യം പേഴ്സിലാക്കിയ സന്തോഷവുമായി. എന്നാല്‍ ഇപ്രകാരമുള്ള ഒരു വിശ്വാസമോ ആചാരമോ നിലവിലില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും ഇന്ന് നാട്ടിലുള്ള സാധാരണക്കാരോട് അക്ഷയ തൃതീയ എന്താണെന്നു ചോദിച്ചാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസം എന്നായിരിക്കും ഉത്തരം തരിക. അത്രമാത്രം പ്രചരണം ഈ ദിവസത്തിനുണ്ടാക്കാന്‍ കച്ചവടക്കാര്‍ക്ക് സാധിച്ചു.
മകരസംക്രമം, കുംഭ ഭരണി, വൃശ്ചിക മാസത്തിലെ കാര്‍ത്തിക (തൃക്കാര്‍ത്തിക) എന്നിങ്ങനെ ചില പ്രത്യേക ദിവസങ്ങള്‍ ഉത്സവമായി കേരളീയര്‍ ആഘോഷിക്കുന്ന പോലെ ഉത്തരേന്ത്യയിലെ ഹിന്ദുക്കളും ജൈന മതവിശ്വാസികളും ആഘോഷിച്ചുവരുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയതൃതീയ.അന്നേദിവസം അവര്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നു. ചിലയിടങ്ങളില്‍ ശൈശവ വിവാഹം പോലെയുള്ള അനാചാരങ്ങളും നടക്കുന്നു. ഒരു 10 കൊല്ലം മുമ്പ് ഇപ്പറഞ്ഞ ദിവസത്തെപ്പറ്റി മലയാളികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ശകവര്‍ഷത്തിലെ രണ്ടാം മാസമായ വൈശാഖത്തിലെ കറുത്തവാവിനുശേഷം വരുന്ന മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഒരു വാവ് കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം പ്രഥമ, രണ്ടാം ദിവസം ദ്വിതീയ, മൂന്നാം ദിവസം തൃതീയ, നാലാം ദിവസം ചതുര്‍ത്ഥി എന്നിങ്ങനെ പതിനാലാം ദിവസമായ ചതുര്‍ദശി വരെ ദിവസങ്ങള്‍ എണ്ണുന്നതിനെയാണ് തിഥികള്‍ എന്നുപറയുന്നത്. തിങ്കള്‍, ചൊവ്വ എന്ന് പേരിട്ട് വിളിക്കുന്നതിനോ, മാസത്തിലെ ഓന്നാം തീയതി, രണ്ടാം തീയതി എന്ന് നമ്പരിട്ട് വിളിക്കുന്നതിനോ മുമ്പ് ഒരു പ്രകൃതി പ്രതിഭാസത്തെ അടിസ്ഥാനമാക്കി ദിവസങ്ങള്‍ക്ക് പേരുകൊടുത്തിരുന്ന ഒരു സമ്പ്രദായമാണിത്.
ആധുനിക കാലത്തെ കലണ്ടറിലും ഈ തിഥികള്‍ ഇടംപിടിച്ചിട്ടുണ്ട്.ഒരു വാവ് കഴിഞ്ഞ് അടുത്ത പതിനഞ്ചാം ദിവസം അടുത്ത വാവാണ്.പിന്നെ വീണ്ടും പ്രഥമ, ദ്വിതീയ, തൃതീയ എന്ന് എണ്ണിത്തുടങ്ങും. കറുത്തവാവ് മുതല്‍ വെളുത്തവാവ് വരെയുള്ള തിഥികള്‍ ചേര്‍ന്ന് വെളുത്ത പക്കവും (ശുക്ല പക്ഷം) വെളുത്ത വാവ് മുതല്‍ കറുത്തവാവ് വരെയുള്ള തിഥികള്‍ ചേര്‍ന്ന് കറുത്ത പക്കവും (കൃഷ്ണ പക്ഷം) ഉണ്ടാകുന്നു.ഇങ്ങനെ രണ്ട് പക്കങ്ങള്‍ ചേര്‍ന്നതാണ് ഒരു ചാന്ദ്രമാസം. വൈശാഖത്തിലെ ശുക്ലപക്ഷം മൂന്നാം തിഥിയാണ് അക്ഷയതൃതീയ. ഇതൊന്നും സാധാരണ മലയാളികള്‍ക്ക് അറിയില്ല. അവരുടെ അറിവ് വച്ച് സ്വര്‍ണം വാങ്ങാനുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്ന് അക്ഷയതൃതീയ.
അക്ഷയ എന്ന പദത്തിന് ക്ഷയിക്കാത്തത് (നശിക്കാത്തത്) എന്നാണ് അര്‍ത്ഥം. വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്.അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്.സർവപാപമോചനമാണു ഫലം.അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു. അതായത് അക്ഷയതൃതീയ ദിവസം ദാനധര്‍മ്മങ്ങള്‍ക്കുള്ള ദിവസമാണ്. അല്ലാതെ സ്വര്‍ണമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സ്വത്ത് സമ്പാദിക്കുന്നതിനുള്ള ദിവസമല്ല. വിശ്വാസ പ്രകാരം അന്ന് നടത്തുന്ന ദാനംമൂലം ഉളവാകുന്ന പുണ്യമാണ് അക്ഷയമായുള്ളത്, അല്ലാതെ അന്ന് വാങ്ങുന്ന സ്വര്‍ണമോ രത്നമോ ഒന്നുമല്ല ഐശ്വര്യം കൊണ്ടുവരുന്നത്.
സ്വര്‍ണഭ്രമത്തില്‍ അഭിരമിക്കുന്ന മലയാളി പക്ഷേ ഇതൊന്നും ആലോചിക്കാറില്ല. വിവാഹത്തിനും മറ്റും ലക്ഷങ്ങള്‍ മുടക്കി സ്വര്‍ണം വാങ്ങുന്ന മലയാളിയെ ഇപ്രകരം ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന കാശുകൊണ്ടാണ് വ്യാപാരികള്‍ നാള്‍ക്കുനാള്‍ മുപ്പതും നാല്പതുമൊക്കെ ഷോറൂമുകള്‍ പണിതുകൊണ്ടിരിക്കുന്നത്.അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കോ, തുച്ഛശമ്പളത്തിനുപുറമെ മൂത്രമൊഴിക്കാന്‍ പോലും സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയും.
കഴിഞ്ഞവര്‍ഷം അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങിയ എത്രപേര്‍ക്ക് ഐശ്വര്യം വന്നൂ എന്ന് ആരും ഇവിടെ ചിന്തിക്കാറില്ല.അങ്ങനെ പരിശോധിക്കുമ്പോള്‍ മാത്രമാണ് ഐശ്വര്യം വന്നത് സ്വര്‍ണക്കടക്കാർക്കും അവരുടെ പരസ്യം വരുമാനനമാര്‍ഗമാക്കിയ മാധ്യമങ്ങൾക്കുമാണെന്നുള്ള തിരിച്ചറിവുണ്ടാകുക.
.
അക്ഷയ തൃതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയതൃതീയ എന്നു പേരുപോലും ഉണ്ടായത്.പുണ്യ കര്‍മ്മങ്ങള്‍ നടത്തുക. ദാന ധർമ്മങ്ങൾ നടത്തുക പിതൃതർപ്പണം ചെയ്യുക,പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, പൂജ, ജപം എന്നിവ നടത്തുക വിശന്നുവലഞ്ഞുവരുന്നവര്‍ക്ക് ആഹാരം കൊടുക്കുക, ദാഹജലം നല്‍കുക, വസ്ത്രദാനം ചെയ്യുക, അതിഥികളെ ഉപചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക, സ്നേഹവും ആത്മാർത്ഥതയും ഉള്ള വാക്കുകൾ കൊണ്ട് മറ്റുളവരെ ആശ്വസിപ്പിക്കുക തുടങ്ങിയ സല്‍ക്കര്‍മ്മങ്ങളാണ് അക്ഷയ തൃതീയയില്‍ അനുഷ്ഠിക്കേണ്ടത്.ഇതാണ് വ്യാസഭഗവാന്‍ ഉപദേശിക്കുന്നതും.അന്ന് ചെയ്യുന്ന കർമ്മങ്ങൾ നശിക്കാത്തവയാണെന്നും അത് നിങ്ങൾക്ക് ഐശ്വര്യവും അഭിവൃദ്ധിയും നൽകുമെന്നും വിഷ്ണു പുരാണവും നാരദ ധർമ്മസൂത്രവും വ്യക്തമാക്കുന്നു.അല്ലാതെ സ്വർണ്ണം വാങ്ങി ലോക്കറിൽ വച്ച് ബാങ്കുകാർക്കും സ്വർണ്ണ കടക്കാർക്കും ഐശ്വര്യം ഉണ്ടാക്കിക്കൊടുക്കാൻ ആരും പറയുന്നില്ല.