KeralaNEWS

മലയാളി ഭക്ഷിക്കുന്നത് വിഷം, കരുതിയിരിക്കുക, മരണം പിന്നിലുണ്ട്

ക്ഷ്യവിഷബാധ കേരളത്തിൽ പുതിയ വാർത്തയല്ല. ഷവര്‍മ പലതവണ നമ്മുടെ കുട്ടികളുടെ ജീവൻ കവർന്നിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ വാർത്തകളും ബഹളങ്ങളും അറസ്റ്റുമൊക്കെ കെട്ടടങ്ങുമ്പോൾ മലയാളി വീണ്ടും ഷവർമക്കു പിന്നിൽ ക്യൂ നിൽക്കുന്ന കാഴ്ചയാണ് നാം കാണാറ്.

കണ്ണൂര്‍ കരിവളളൂരിലെ 16 കാരിയായ ദേവനന്ദ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു മരിച്ച സംഭവം വീണ്ടും മലയാളിയുടെ കണ്ണു തുറപ്പിച്ചു. ഏപ്രിൽ 29ന് ചെറുവത്തുരിലെ ഐഡിയൽ കൂൾബാറിൽ നിന്നാണ് ദേവനന്ദ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ ഷവർമ കഴിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദ മരണപ്പെട്ടു. നാല്പതോളം വിദ്യാർത്ഥി ചികിത്സ തേടി വിവിധ ആശുപത്രികളിലായി

Signature-ad

ഇന്നിതാ വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികൾക്കു ഭക്ഷ്യവിഷബാധയേറ്റു. കൽപറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ആശുപത്രിയിലായി. കോട്ടയം മെഡിക്കല്‍ കോളജിലെ ബി.എസ്.സി ഡയാലിസിസ് വിദ്യാര്‍ഥിനി, 20കാരിയായ തിരുവനനന്തപുരം സ്വദേശിനിയാന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയില്‍ കഴിയുന്നത്.

മെഡിക്കല്‍ കോളജ് മോര്‍ച്ചറി ഗെയിറ്റിനു എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നിന്നാണു വിദ്യാര്‍ഥിനി ഷവര്‍മ കഴിച്ചത്. ഭക്ഷണം കഴിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥതയുണ്ടായി. ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങരയിലും ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി
നോമ്പുതുറയ്ക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കുണ്ടായ അസ്വസ്ഥതയെ തുടർന്നാണ് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചുപൂട്ടിയത്. വേങ്ങര ഹൈസ്കൂൾ പരിസരത്തെ ‘മന്തി ഹൗസി’ൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ അനുഭവപ്പെട്ടത്. 6 പേരാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇറച്ചിയിൽ നിന്നാണ് വിഷബാധ ഉണ്ടായതായി കരുതപ്പെടുന്നത്.

കൊല്ലം ജില്ലയിലെ ഭരണിക്കാവ് പുന്നമൂട്ടിലെ ഫാത്തിമ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് തൊഴിലാളികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റു. മനു, ഷിനു, അനീഷ് എന്നീ നിർമ്മാണ തൊഴിലാളികൾക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.
ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസെത്തി ഹോട്ടൽ അടപ്പിച്ചു.

കണ്ടാലും അറിയില്ല, കൊണ്ടാലും അറിയില്ല എന്നതാണ് മലയാളിയുടെ മനോഭാവം. കലർപ്പില്ലാത്ത സ്വാദിഷ്ടമായ ഭക്ഷണം സ്വന്തം വീട്ടിലുണ്ടെങ്കിലും ഹോട്ടൽ ഭക്ഷണത്തോടാണ് മലയാളിക്കു പ്രിയം. ചിലപ്പോൾ തൽക്ഷണം മരണം സംഭവിക്കാം. അതല്ലെങ്കിൽ വിഷാംശം കലർന്ന ഭക്ഷണത്തിലൂടെ ഗുരുതരമായ രോഗങ്ങൾ ബാധിച്ച് അകാലമൃത്യു അടയാം.

അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് മന്ത്രി എം.വി ഗോവിന്ദന്‍
നിര്‍ദ്ദേശം നല്‍കി.

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തിലാണ് ഇടപെടലിനുള്ള നിര്‍ദ്ദേശം. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തിര പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും.

പാതയോരങ്ങളിലെ ഐസ് ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, വാഹനങ്ങളിലും തട്ടുകടകളിലും ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച്‌ പരിശോധന നടത്തും. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ കച്ചവടസ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെപ്പിക്കുകയും ലൈസന്‍സും ഉടന്‍ റദ്ദാക്കുകയും ചെയ്യും.

ഇത് കൂടാതെ, തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
ചെറുവത്തൂരിലേത് പോലെ ഇനിയൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.

Back to top button
error: